കോഴിക്കോട് : കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിൽ 5 പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പന്നൂരിൽനിന്നും രണ്ടുപേരെ കടിച്ച നായ പിന്നീട് മറ്റു പ്രദേശങ്ങളിലേക്ക് ഓടുകയും അവിടെയുള്ളവരെയും കടിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്നു പേർ കുട്ടികളാണ് എന്നാണ് വിവരം. ഇവർക്ക് മുഖത്തും കൈക്കുമാണ് പരുക്കേറ്റത്. നായയെ പിന്നീട് ഒഴലക്കുന്ന് സ്കൂൾ പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സാജിദത്ത്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന അസ്സൈൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കടിയേറ്റവരുടെ വീടുകൾ സന്ദർശിച്ചു.