ന്യൂഡല്‍ഹി: അയോധ്യയില്‍ മസ്ജിദിന് പകരം മുസ്ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യുപി യോഗി സര്‍ക്കാര്‍. യുപി യോഗി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അഞ്ച് സ്ഥലങ്ങളും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്തിന്റെ 15 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ്. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങള്‍ യുപി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
നവംബര്‍ 9നാണ് അയോധ്യ കേസില്‍ സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി രാം ലല്ലക്ക് കൈമാറണമെന്നായിരുന്നു കോടതിയുടെ വിധി. ഇതിനൊപ്പം സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു.
സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതി തള്ളി. അയോധ്യയില്‍ നാല് മാസത്തിനകം അംബര ചുംബിയായ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.