വിദ്യാർഥികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കരുത്, ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: സര്‍ക്കാര്‍, എംപി, എംഎല്‍എ, തദ്ദേശസ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ച് പൊതുവിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഐടി ഉപകരണങ്ങള്‍ക്ക് അഞ്ചു വര്‍ഷ വാറന്റി ഉറപ്പുനല്‍കണമെന്നത് അടക്കമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലാപ്ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, സ്‌ക്രീന്‍, യുഎസ്ബി സ്പീക്കര്‍, പ്രൊജക്ടര്‍ മൗണ്ടിങ് കിറ്റ് എന്നി ഇനങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തി. പഴയ ഉത്തരവിലെ 15 വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്. ഉപകരണങ്ങളുടെ വിവരങ്ങള്‍, ധനസ്രോതസ്സ് എന്നിവ സ്‌കൂളുകളില്‍ സൂക്ഷിക്കണം. പരാതികള്‍ വിതരണക്കാര്‍ രണ്ടു ദിവസത്തിനകം പരിഗണിക്കുകയും അഞ്ച് പ്രവൃത്തിദിനത്തിനകം പരിഹരിക്കുകയും വേണം. അല്ലെങ്കില്‍ പ്രതിദിനം 100 – രൂപ പിഴയീടാക്കും. ലൈസന്‍സ് നിബന്ധനകളുള്ള സോഫ്റ്റ്വെയറുകള്‍ സ്‌കൂളുകളില്‍ വിന്യസിക്കരുത്. കെല്‍ട്രോണ്‍ വഴിയും ഐടി വകുപ്പിന്റെ സിപിആര്‍സിഎസ് വഴിയും ഉപകരണങ്ങള്‍ വാങ്ങാം.

സൈബര്‍ സുരക്ഷാ മാര്‍ഗനിര്‍ദേശം സ്‌കൂളുകള്‍ കൃത്യമായി പാലിക്കണം. കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ സെര്‍വറുകളില്‍ അപ്ലോഡ് ചെയ്യരുത്. പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതല്ലാത്ത ഇ– -ഗവേണന്‍സ് ആപ്ലിക്കേഷനുകള്‍, സവിശേഷ ഐടി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങണമെന്നും മാര്‍?ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രത്യേക ഐടി അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കൈറ്റിനെ ചുമതലപ്പെടുത്തി.

Top