ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 പേര്‍ കൂടെ മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 50 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് സംഭവിച്ചിരിക്കുന്നത്. 17 പേരാണ് ഇവിടെ മരിച്ചത്. തെലുങ്കാനയില്‍ ഒന്‍പതു പേരും ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആറു പേര്‍ വീതവും മരിച്ചു. പഞ്ചാബില്‍ പത്മശ്രീ ജേതാവും സിഖ് ഗായകനുമായ നിര്‍മല്‍ സിങ്(62) കൊവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
അതേസമയം രാജ്യത്ത് ഇതുവരെ 1965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 150 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 1764 പേരാണ് രാജ്യത്ത് രോഗബാധിതരായുള്ളത്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 378 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 110 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ ഇതുവരെ 234 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്തോനേഷ്യന്‍ സ്വദേശികള്‍ നിസാമുദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇവര്‍ മാര്‍ച്ച് 21 ന് സേലത്ത് പ്രാര്‍ത്ഥനാ ചടങ്ങ് നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . നിസാമുദ്ദീനില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയവരില്‍ 650 പേരുടെ സാമ്പിളുകള്‍ ഇതിനകം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം പുതിയ 86 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 338 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. 42 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
ഡല്‍ഹിയില്‍ ഒറ്റ ദിവസം 55 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 152 കൊവിഡ് കേസുകള്‍ രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.