സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 50 ലക്ഷം ബാങ്ക് ഗാരന്റി ; രക്ഷിതാക്കള്‍ ഹൈക്കോടതിയിലേക്ക്‌

medical

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് 50 ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി നല്‍കണമെന്ന വ്യവസ്ഥ വിദ്യാര്‍ഥികളെ വെട്ടിലാക്കുന്നു.

അഞ്ചുലക്ഷം രൂപ വാര്‍ഷിക ഫീസ് കൂടാതെയാണ് ഇത്രയും തുക കണ്ടെത്തേണ്ടത്. കൂടാതെ, 11 ലക്ഷത്തിന്റെ പലിശരഹിത നിക്ഷേപവും ഉറപ്പാക്കിയാലേ ഈ കോളേജുകളിലെ 35 ശതമാനം സീറ്റുകളില്‍ പ്രവേശനം നേടാനാകൂ.

പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി വിധിക്ക് വിരുദ്ധമാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പരിയാരം, കാരക്കോണം സി.എസ്.ഐ., പെരിന്തല്‍മണ്ണ എം.ഇ.എസ്. എന്നീ കോളേജുകളാണ് സര്‍ക്കാരുമായി കരാറൊപ്പിട്ടത്.

20 ശതമാനം സീറ്റുകളില്‍ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയും, 30 ശതമാനം സീറ്റുകളില്‍ രണ്ടര ലക്ഷവുമാണ് ഈ കോളേജുകളില്‍ ഫീസ് നിശ്ചയിച്ചത്. 35 ശതമാനം സീറ്റുകളില്‍ 11 ലക്ഷവും 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റുകളില്‍ 15 ലക്ഷവും ഫീസ് വാങ്ങാനായിരുന്നു ധാരണ. 11 ലക്ഷം ഫീസ് നല്‍കേണ്ട 35 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് പുതിയ ഉത്തരവുമൂലം ബാങ്ക് ഗാരന്റികൂടി വേണ്ടിവരിക.

70 ലക്ഷത്തോളം രൂപ കരുതാതെ ഈ സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനാവില്ല. അങ്ങനെ ഈ സീറ്റുകളില്‍ ഒഴിവുവന്നാല്‍ അവയില്‍ മാനേജ്‌മെന്റുകളുടെ ഇഷ്ടപ്രകാരം പ്രവേശനം നടത്താനാകുമെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

മറ്റു കോളേജുകള്‍ക്ക് നിശ്ചയിച്ചുനല്‍കിയ അഞ്ചുലക്ഷം രൂപ ഫീസും അതിനൊപ്പം ആറുലക്ഷം രൂപയ്ക്ക് ബാങ്ക് ഗാരന്റിയും ഈ കോളേജുകള്‍ക്ക് വാങ്ങാമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സര്‍ക്കാരുമായി കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടനയ്ക്ക് കരാര്‍ ഒപ്പുവെച്ച ഈ കോളേജുകള്‍ക്ക് കോടതിവിധി തിരിച്ചടിയായിരുന്നു. ഈ കോളേജുകളെ സഹായിക്കാനാണ് ഹൈക്കോടതി ഉത്തരവിന്റെ അന്തഃസത്തയെ ചോദ്യംചെയ്യുംവിധം പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഉത്തരവിറക്കിയിരിക്കുന്നതെന്ന് രക്ഷിതാക്കാള്‍ പറയുന്നു. ഉത്തരവിനെതിരേ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

കരാര്‍ ഒപ്പുവെയ്ക്കാത്ത മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 85 ശതമാനം സീറ്റില്‍ അഞ്ചുലക്ഷമാണ് ഫീസ്. എന്‍.ആര്‍.ഐ. സീറ്റില്‍ 20 ലക്ഷവും. 85 ശതമാനം സീറ്റില്‍ മാനേജ്‌മെന്റ് സീറ്റെന്നും സര്‍ക്കാര്‍ സീറ്റെന്നും വേര്‍തിരിച്ചാണ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഉത്തരവ്.

സര്‍ക്കാര്‍ സീറ്റുകളില്‍നിന്നാണ് സംവരണ സീറ്റുകള്‍ നീക്കിവെയ്ക്കുന്നത്. എന്നാല്‍, സംവരണത്തിന് കൃത്യമായ വ്യവസ്ഥയൊന്നും വിജ്ഞാപനത്തിലില്ല. ഏകീകൃത ഫീസ് നിശ്ചയിച്ചതുതന്നെ സര്‍ക്കാര്‍, മാനേജ്‌മെന്റ് സീറ്റ് എന്ന വേര്‍തിരിവ് ഇല്ലാതാക്കിയിരുന്നു.

എല്ലാസീറ്റിലും സര്‍ക്കാര്‍ തന്നെ പ്രവേശനം നടത്തുന്നതിനാല്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനാവകാശവുമില്ല. പ്രവേശനപരീക്ഷാ കമ്മിഷണര്‍ വീണ്ടും സര്‍ക്കാര്‍, മാനേജ്‌മെന്റ് സീറ്റുകള്‍ എന്ന് വേര്‍തിരിച്ചത് എന്തടിസ്ഥാനത്തിലെന്ന് വ്യക്തമല്ല.

Top