50 ലക്ഷം നഷ്ടമായി; മിസ്സ് കോളുകളും, കോളുകളും വഴിയുള്ള പുതിയ സൈബർ തട്ടിപ്പിൽ ഞെട്ടി പൊലീസ്

ന്യൂഡൽഹി: തുടരെ മിസ്ഡ് കോളുകളും ബ്ലാങ്ക് കോളുകളും ചെയ്തു കൊണ്ട് സൈബർ കുറ്റവാളികൾ 50 ലക്ഷം തട്ടി. ഡൽഹിയിലെ സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പിന് ഇരയായിരിക്കുന്നത്. പല ട്രാൻസാക്ഷനുകളിലായാണ് സൈബർ കുറ്റവാളികൾ 50 ലക്ഷം രൂപ തട്ടിയെടുത്തത്. അതിനായി വൺ ടൈം പാസ്വേഡുകളോ (ഒ.ടി.പി) മറ്റ് ബാങ്കിങ് വിവരങ്ങളോ ഇരയോട് ചോദിച്ചതുമില്ല.

മിസ്ഡ് കോൾ ചെയ്തുകൊണ്ടുള്ള വിചിത്രമായ തട്ടിപ്പ് നടന്നത് ഒക്ടോബർ 19-നാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. അന്ന്, രാത്രി 7-നും 8:45-നും ഇടയിൽ അജ്ഞാത നമ്പറുകളിൽ നിന്ന് ഡയറക്ടർക്ക് നിരവധി കോളുകൾ വന്നു. അവയിൽ ചിലത് അദ്ദേഹം അവഗണിച്ചെങ്കിലും കുറച്ച് കോളുകൾ എടുക്കുകയും പ്രതികരണമില്ലാത്തതിനാൽ കട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. തന്റെ അക്കൗണ്ടിൽ നിന്ന് ആർടിജിഎസ് ട്രാൻസാക്ഷൻ വഴി പല തവണയായി 50 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നിരിക്കുന്നു.

തട്ടിപ്പിനിരയായ ആളുടെ കമ്പനിയുടെ കറന്റ് അക്കൗണ്ടിൽ നിന്നാണ് 50 ലക്ഷം രൂപ നഷ്ടമായത്. പ്രാഥമികാന്വേഷണത്തിൽ ഏകദേശം 12 ലക്ഷത്തോളം രൂപ ഭാസ്‌കർ മണ്ഡൽ എന്നയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. 4.6 ലക്ഷം രൂപ അവിജിത് ഗിരി എന്ന വ്യക്തിക്കും ലഭിച്ചു. രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് 10 ലക്ഷം പോയത്.

തട്ടിപ്പ് നടത്താൻ കുറ്റവാളികൾക്ക് ഒ.ടി.പിയുടെ ആവശ്യം വന്നില്ലെന്നാണ് പൊലീസ് പറയുന്നത്. “സിം സ്വാപ്പിങ്” എന്ന സാങ്കേതിക വിദ്യയാകാം പ്രതികൾ ഉപയോഗിച്ചതെന്നും പൊലീസ് സൂചന നൽകുന്നു. അത്തരത്തിൽ, തട്ടിപ്പുകാർ ഇരയായ വ്യക്തിയുടെ സിം കാർഡിലേക്ക് ആക്‌സസ് നേടുകയോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സ്വന്തമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു. സമാന്തര കോളിലൂടെ ‘ഐവിആർ’ വഴി ഒടിപി പറയുന്നത് തട്ടിപ്പുകാർ കേട്ടിരിക്കാനുള്ള സാധ്യതയെ കുറിച്ചും പൊലീസ് സൂചിപ്പിച്ചു.

ഈ തട്ടിപ്പിന്റെ സൂത്രധാരന്മാർ ജാർഖണ്ഡിലെ ജംതാര കേന്ദ്രീകരിച്ചുള്ളവരാണെന്ന് പൊലീസ് പറയുന്നുണ്ട്. പണം പോയ അക്കൗണ്ടുകളുടെ ഉടമകൾ കുറ്റവാളികളാകാനുള്ള സാധ്യത അവർ തള്ളിക്കളഞ്ഞു. തങ്ങളുടെ അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകിയവർ മാത്രമാകാം അവരെന്നും പൊലീസ് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Top