അരക്കോടി കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: അരക്കോടി കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍. 81,000 മരണമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 81,911 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍, 1054 മരണമുണ്ടായിയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് ഓരോ11 ദിവസം കൂടുമ്പോഴും 10 ലക്ഷം രോഗികള്‍വീതം വര്‍ധിക്കുന്നു. ജനുവരി 30ന് ആദ്യമായി രോഗം സ്ഥിരീകരിച്ചശേഷം 167 ദിവസമെടുത്ത് ജൂലൈ 16നാണ് രോഗികള്‍ 10 ലക്ഷത്തിലെത്തിയത്. തുടര്‍ന്ന് 22 ദിവസംകൊണ്ട് 20 ലക്ഷമായി. 15 ദിവസത്തില്‍ ആഗസ്ത് 22ന് 30 ലക്ഷം കടന്നപ്പോള്‍ 13 ദിവസം മാത്രമെടുത്ത് സെപ്തംബര്‍ നാലിന് 40 ലക്ഷം കടന്നു. നാല്‍പ്പത് 50 ലക്ഷമെത്താന്‍ 11 ദിവസംമാത്രമാണ് എടുത്തത്. ലോകത്തുതന്നെ ഏറ്റവും തീവ്രമായ രോഗവ്യാപനം ഇന്ത്യയിലാണ്. പ്രതിദിന മരണവും ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതും ഇന്ത്യയിലാണ്.

രാജ്യത്ത് കോവിഡ് രോഗമുക്തിനിരക്ക് 78.28 ശതമാനമായതായി കേന്ദ്രം അറിയിച്ചു. ആകെ രോഗമുക്തര്‍ 38.59 ലക്ഷം കടന്നു. രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയിലുള്ളവരില്‍ 48.8 ശതമാനം മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ്.

Top