തിരുവനന്തപുരം: ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നു വാഗ്ദാനം യുവതിക്ക് നഷ്ടമായത് 3.5 ലക്ഷം. വട്ടിയൂര്‍ക്കാവ് ഗവ. എച്ച്.എസിനു സമീപം താമസിക്കുന്ന യുവതിക്കാണ് പണം നഷ്ടമായത്. ഇവരുടെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനിലെ പരസ്യത്തില്‍ കണ്ട വെബ്‌സൈറ്റ് ലിങ്കില്‍ യുവതി ക്ലിക്ക് ചെയ്തതോടെ മൊബൈലില്‍ സന്ദേശങ്ങള്‍ എത്തി. ഷെയര്‍ ചാറ്റ് വീഡിയോകളും ലഭിച്ചു.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തിരികെ അയച്ചുകൊടുത്താല്‍ 50 രൂപ വീതം പ്രതിഫലം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ ചെയ്തപ്പോള്‍ യുവതിക്ക് 1000 മുതല്‍ 5000 വരെ പ്രതിഫലമായി ലഭിച്ചു. പിന്നീട് ടെലിഗ്രാം ഗ്രൂപ്പിലേക്കു ചേര്‍ത്ത് ഇടപാടുകള്‍ക്കായി ചില ആപ്പുകള്‍ നിര്‍ബന്ധിച്ച് ഇന്‍സ്റ്റാള്‍ ചെയ്യിച്ചു. ഇതിലെ നിര്‍ദേശപ്രകാരം പലതവണ യുവതി പണം നിക്ഷേപിച്ചു. പണം ഇരട്ടിയായെന്ന സന്ദേശം കിട്ടിയെങ്കിലും പിന്‍വലിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വഞ്ചിതയായ വിവരം യുവതി അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.