വ്യത്യസ്ത ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ 50 ഭാഷകളെ പിന്തുണയ്ക്കുന്ന ട്രാന്സ്ലേറ്റര് ആപ്പ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് മൈക്രോസോഫ്റ്റ് എത്തുന്നത്.
‘മൈക്രോസോഫ്റ്റ് ട്രാന്സ്ലേറ്റര്’ ( Microsoft Translator ) എന്ന് പേരിട്ടിട്ടുള്ള ഈ സര്‍വീസ് ഐഒഎസിനും ആന്‍ഡ്രോയ്ഡിനും ലഭ്യമാണ്. മാത്രമല്ല, സ്മാര്‍ട്ട്ഫോണുകളിലും ടാബുകളിലും ആപ്പിള്‍ വാച്ചിലും ആന്‍ഡ്രോയ്ഡ് വിയറിലോടുന്ന സ്മാര്ട്ട്വാച്ചുകളിലും ഈ ആപ്പ് പ്രവര്‍ത്തിക്കും.
വാക്കുകളും പ്രയോഗങ്ങളും വിവര്‍ത്തനം ചെയ്യാന്‍ ടൈപ്പ് ചെയ്യുകയോ പറയുകയോ ചെയ്താല്‍ മതി. നല്കിയ വാക്കുകളുടെ വിവര്‍ത്തനം ഈ ആപ്പ് ടെക്സ്റ്റ് രൂപത്തില്‍ കാട്ടുകയും പറയുകയും ചെയ്യും. ടൈപ്പ് ചെയ്യണമെന്നില്ല, ട്രാന്‍സ്ലേറ്റ് ചെയ്യേണ്ട വാക്കുകള്‍ കോപ്പി പേസ്റ്റ് ചെയ്താലും മതി.
വിന്‍ഡോസ് ഫോണ്‍ ഒഎസിലെ ആപ്പുകള്‍ വഴിയും വിന്‍ഡോസ് 10 ഡെസ്ക്ടോപ്പ് സോഫ്റ്റ്വേറിലും മൈക്രോസോഫ്റ്റ് ഇപ്പോള്‍ തന്നെ വിവര്‍ത്തന സര്‍വീസ് നടത്തുന്നുണ്ട്. സ്കൈപ്പ് ട്രാന്സ്ലേറ്റര് പ്രോഗ്രാം വഴിയും ട്രാസ്ലേഷന് പ്രവര്‍ത്തനം കമ്പനി നടത്തുന്നുണ്ട്.
മൈക്രോസോഫ്റ്റ് ട്രാന്സ്ലേറ്ററിന്റെ സഹായത്തോടെ 50 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു കിട്ടാന്‍ നിങ്ങള്‍ സ്മാര്ട്ട്വാച്ചിലേക്ക് നേരിട്ട് സംസാരിച്ചാല്‍ മതി. മാത്രമല്ല, ട്രാന്സ്ലേറ്റര് സെറ്റിങുകളെല്ലാം വാച്ചിലേക്കും സ്മാര്‍ട്ട്ഫോണിലേക്കും സിങ്ക്രണൈസ് ചെയ്തിട്ടുണ്ടാകും.
പുതിയ ആപ്പിന്റെ സഹായത്തോടെ ഗൂഗിളിന്റെ ആധിപത്യമുള്ള ഒരു മേഖലയിലേക്ക് മൈക്രോസോഫ്റ്റ് കടക്കുകയാണ്. വെബ്ബിലും ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ഏറെ നാളായി ട്രാന്സ്ലേഷന് സര്‍വീസ് നല്കുന്ന കമ്പനിയാണ് ഗൂഗിള്‍. 27 ഭാഷകളെ ഗൂഗിള്‍ പിന്തുണയ്ക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗൂഗിള്‍ ട്രാന്‍സ്ലേറ്ററാണ് മുന്നില്‍. മറാഠി, പഞ്ചാബി, ബംഗാളി, ഗുജറാത്തി ഉള്‍പ്പടെ എട്ട് പ്രാദേശിക ഭാഷകളെ ഗൂഗിള്‍ പിന്തുണയ്ക്കുന്നു. അതേസമയം മൈക്രോസോഫ്റ്റ് ട്രാന്സ്ലേറ്ററിന്റെ പിന്തുണയുള്ളത് ഹിന്ദിക്ക് മാത്രമാണ്.