കൊച്ചി : ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലേക്ക് 500 കോടി രൂപ സമർപ്പിക്കാനൊരുങ്ങി കർണാടകയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്. ക്ഷേത്രവും പരിസരവും ശില്പചാതുരിയോടെ പുനർനിർമ്മിച്ച് സുന്ദരമായ ക്ഷേത്ര നഗരിയാക്കുകയാണ് ലക്ഷ്യം. പണമായി നൽകാതെ, നേരിട്ട് നിർമ്മാണം പൂർത്തിയാക്കി സമർപ്പിക്കാനാണ് വ്യവസായ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ഭക്തന്റെ താത്പര്യം.
ഒരു വർഷം മുമ്പാണ് കൊച്ചിൻ ദേവസ്വം ബോർഡിനു മുമ്പാകെ ഈ അവിശ്വസനീയമായ തുകയുടെ പദ്ധതി സമർപ്പിച്ചത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ച് ബോർഡ് ഉന്നതരും കമ്പനി പ്രതിനിധി ഗണശ്രാവൺജിയും തമ്മിൽ പലവട്ടം ചർച്ചകളും നടന്നു. വലിയ പദ്ധതിയായതിനാൽ ദേവസ്വം ബോർഡ് നിർദ്ദേശം സർക്കാരിന് അയക്കുകയും ചെയ്തിരുന്നു. വിശദാംശങ്ങൾ നിശ്ചയിക്കാനായി ദേവസ്വം വകുപ്പിന്റെ മറുപടിയും വന്നു. ഇത്രയും ബൃഹത്തായ പദ്ധതിയായതിനാൽ നിയമോപദേശ പ്രകാരം, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി തേടാനുള്ള നടപടി ക്രമങ്ങളിലാണ് ദേവസ്വം ബോർഡ്.
പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത് ബി.ആർ.അജിത്ത് അസോസിയേറ്റ്സാണ്. ഭക്തന്റെയും ദേവസ്വം ബോർഡിന്റെയും മൂന്ന് പ്രതിനിധികളെ വീതവും ആർക്കിടെക്ടിനെയും ഉൾപ്പെടുത്തിയ സമിതിയുടെ കീഴിൽ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇതിനായി ധാരണാപത്രം തയ്യാറാക്കുകയാണ് ബോർഡ്. പ്രാരംഭപ്രവർത്തനങ്ങൾക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടാനും 250 കോടി നിർവഹണ കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ നിർദ്ദേശിക്കാനും ബോർഡ് ആലോചിക്കുന്നു. ഭക്തന്റെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.