ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ രോഗികള്‍ക്കുള്ള ചികിത്സക്കായി 500 റെയില്‍വേ കോച്ചുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ കുറവ് പരിഹരിക്കുന്നതിനാണിത്. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കും.
ഡല്‍ഹിയില്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന ഇരട്ടിയാക്കാനും ആറ് ദിവസങ്ങള്‍ക്ക് ശേഷം ഇത് മൂന്നിരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.
ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും കോവിഡ് രോഗികളെ പരിചരിക്കുന്നതിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍.
‘ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള യോഗം വളരെ ഫലപ്രദമായിട്ടാണ് അവസാനിച്ചത്. നിരവധി സുപ്രധാന തീരുമനങ്ങളെടുത്തു. കൊറോണ വൈറസിനെതിരെ ഒരുമിച്ച് പോരാടും’ കെജ്രിവാള്‍ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു.
രാവിലെ പതിനൊന്ന് മണിക്ക് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും, അമിത് ഷായേയും കൂടതെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
അതേ സമയം രാജ്യ തലസ്ഥാനത്ത് ഇതുവരെ 38,958 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1271 പേര്‍ മരണപ്പെടകയും ചെയ്തു. മരണ നിരക്കും രോഗബാധയും കൂടുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നതും ആശങ്ക കൂട്ടുന്നുണ്ട്.222 തീവ്രബാധിത മേഖലകളാണ് ഡല്‍ഹിയിലുള്ളത്.
നഗരത്തിലെ നിലവിലെ ഇരട്ടിപ്പിക്കല്‍ നിരക്ക് അനുസരിച്ച് 5.5 ലക്ഷം കേസുകളും 80,000 ആശുപത്രി കിടക്കകളും ജൂലൈ അവസാനത്തോടെ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞത്.