നേപ്പാളില്‍ കേരള പൊലീസിന്റെ ഓപ്പറേഷന്‍; 500 പവന്‍ കവര്‍ന്ന പ്രതികള്‍ പിടിയില്‍

തൃശൂര്‍: പൂട്ടിക്കിടന്ന വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 500 പവനും 50 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെട്ട നാല് നേപ്പാള്‍ സ്വദേശികള്‍ പൊലീസ് പിടിയില്‍.

സംഭവത്തെക്കുറിച്ച് നേപ്പാള്‍ പൊലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് നേപ്പാള്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് പ്രതികളെ ചോദ്യം ചെയ്ത് കേരള പാലീസ് കുറ്റം തെളിയിച്ചു. പ്രതികളെ നാട്ടിലെത്തിക്കാനായിട്ടില്ല. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കൊള്ളമുതല്‍ ഇവരുടെ കൈവശമാണെന്ന് പൊലീസ് വ്യക്തമാക്കി.

ദുബായ് ജലീല്‍ ട്രേഡേഴ്‌സ് ഉടമ വടക്കേകാട് മുക്കിലപീടിക എടക്കര റോഡില്‍ വെണ്‍മാടത്തയി തടാകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടിലാണു മോഷണം നടന്നത്.

ആഭരണങ്ങള്‍ക്ക് പുറമെ 35,000 രൂപയും നഷ്ടപ്പെട്ടിരുന്നു. കുഞ്ഞുമുഹമ്മദ് ഹാജിയും കുടുംബവും ഗള്‍ഫിലാണ്. കഴിഞ്ഞ പെരുന്നാളിനു കുടുംബസമേതം ഇവര്‍ നാട്ടില്‍ വന്നിരുന്നു.

അന്ന് ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുമ്പോള്‍ ധരിച്ച ആഭരണങ്ങള്‍ വീട്ടിലെ ലോക്കറില്‍ വയ്ക്കുകയായിരുന്നുവെന്നാണ് വ്യവസായി പറഞ്ഞത്.

Top