50000 വ്യാജ പട്ടാളക്കാര്‍ ഇറാഖിലുണ്ടെന്ന് പ്രധാനമന്ത്രി

ബഗ്ദാദ്: ഇറാഖ് സൈന്യത്തില്‍ 50,000 പട്ടാളപ്രേതങ്ങള്‍ ഉള്ളതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ഓഫിസ് അറിയിച്ചു. സേനയിലെ 50,000 പേര്‍ നിലവില്‍ ഉള്ളവരല്ല. എല്ലാം വ്യാജ പേരുകളാണെന്നാണ് ഓഫിസ് അറിയിച്ചത്. ഏറ്റവും പുതിയ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്തിയ തലയെണ്ണലിലാണ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചതെന്ന് അബാദിയുടെ വക്താവ് റഫിദ് ജബൂരി പറഞ്ഞു.

രണ്ടുതരത്തിലാണ് ഇത്തരത്തില്‍ പട്ടാളപ്രേതങ്ങള്‍ ഉണ്ടാവുന്നതെന്ന് ഇറാഖ് സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ആദ്യത്തെ രീതി ഇത്തരത്തിലാണ്, സൈന്യത്തിലെ എല്ലാ ഓഫിസര്‍മാര്‍ക്കും അഞ്ചുവീതം അംഗരക്ഷകരെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഓഫിസര്‍മാര്‍ രണ്ടുപേരെ മാത്രം നിലനിര്‍ത്തുകയും ശേഷിക്കുന്ന മൂന്നുപേരെ തിരിച്ചയക്കുകയും ചെയ്യുന്നു. പിന്നീട് ഇവരുമായി ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ അവരുടെ ശമ്പളം ഓഫിസര്‍മാര്‍ കൈക്കലാക്കുന്നു.

ബ്രിഗേഡിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ രീതിയാണ് ഏറ്റവും കൂടുതല്‍ പട്ടാളപ്രേതങ്ങളെ ലിസ്റ്റിലേക്കു കയറ്റുന്നത്. ഇത്തരത്തില്‍ 30-40 വരെ സേനാംഗങ്ങളെയാണ് ബ്രിഗേഡിയര്‍മാര്‍ ലിസ്റ്റിലേക്കു കയറ്റിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എട്ടുവര്‍ഷത്തോളം അമേരിക്കയുടെ അധീനതയിലായിരുന്ന ഇറാഖില്‍ ലക്ഷക്കണക്കിനു ഡോളര്‍ ചെലവാക്കിയായിരുന്നു അമേരിക്ക സൈന്യത്തെ പരിശീലിപ്പിച്ചത്.

Top