കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കടുത്ത വരള്‍ച്ച 50,000 കുട്ടികളെ മോശമായി ബാധിച്ചെന്ന് യൂനിസെഫിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ 34 പ്രദേശങ്ങളിലാണ് വരള്‍ച്ച ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പത്തു പ്രദേശങ്ങളിലാണ് കടുത്ത വരള്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും യൂനിസെഫ് അറിയിച്ചു.
അടുത്തമാസങ്ങളില്‍ രാജ്യത്തെ വരള്‍ച്ച 2 ദശലക്ഷത്തോളം ജനങ്ങളെ മോശമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ തന്നെ അഫ്ഗാനിലെ പലപ്രദേശേങ്ങളിലെ കുട്ടികളില്‍ പോഷകാഹാര കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നല്ല ഭക്ഷണവും , ശുദ്ധജലവും ഇല്ലാതാകുന്നതോടെ ശുചിത്വമില്ലായ്മ ഉണ്ടാവുകയും തുടര്‍ന്ന് ഇത് അസുഖങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്നും യൂനിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് കുട്ടികളെ വളരെ മോശമായി ബാധിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.
അഫ്ഗാനില്‍ 1.6 ദശലക്ഷം കുട്ടികളും 4,43,000 ഗര്‍ഭിണികളും, മുലയൂട്ടുന്ന അമ്മമാരും പോഷകാഹാര കുറവ് നേരിടുന്നുണ്ടെന്നാണ് യൂനിസെഫ് നടത്തിയ സര്‍വെയില്‍ പറയുന്നത്.
അതേസമയം, ഏറ്റവും മോശമായി വരള്‍ച്ച ബാധിച്ച പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നടപടി സ്വീകരിക്കുമെന്ന് അഫ്ഗാനിലെ യൂനിസെഫ് പ്രതിനിധി അറിയിച്ചു. യൂനിസെഫിന്റെ സര്‍വെ പ്രകാരം 92,000 കുട്ടികള്‍ക്കും 8,500 ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമാണ് അടിയന്തര സഹായം ആവശ്യമുള്ളതെന്ന് വ്യക്തമാക്കുന്നു.
അതുപോലെ 2018-ജൂലായ് -ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്കുള്ളില്‍ 1,21,000 കുട്ടികളുടെയും
33,000 സ്ത്രീകളുടേയും പോഷകാഹാര കുറവ് നികത്തേണ്ടത് അത്യവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.