ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഎം കേന്ദ്ര കമ്മിറ്റി ധാരണയുണ്ടാക്കും.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് ബീഹാറില്‍ ബിജെപിയുടെ പതനം പൂര്‍ണ്ണമാക്കിയതെന്ന് വിശ്വസിക്കുന്ന സിപിഎം നേതൃത്വം, കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തിലെ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് ശേഷമാണ് തീരുമാനിക്കുകയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിനാണ് കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടി പ്ലീനത്തിന് ശേഷം ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും പരിഗണിക്കും.
വി.എസ് അച്യുതാനന്ദന്റെ ജനകീയതയിലും പിണറായി വിജയന്റെ ഭരണ നൈപുണ്യത്തിലും സിപിഎം കേന്ദ്ര നേതൃത്വത്തിന് ഒരു സംശയവുമില്ലെങ്കിലും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പൊതു സ്വീകാര്യമായ തീരുമാനം പാര്‍ട്ടിക്കകത്ത് ഉണ്ടാക്കണമെന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബിജെപി-എസ്എന്‍ഡിപി യോഗം സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ ഭൂരിപക്ഷ വിഭാഗങ്ങളെ പ്രത്യേകിച്ച് പാര്‍ട്ടിയുടെ ഉറച്ച വോട്ട് ബാങ്ക് ആയ പിന്നോക്ക വിഭാഗങ്ങളെ കൂടെ ഉറപ്പിച്ച് നിര്‍ത്താന്‍ ആവശ്യമായ നടപടികളുണ്ടാകും.
വി.എസും പിണറായിയും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ സംഘ്പരിവാറിന്റെയും വെള്ളാപ്പള്ളിയുടെയും ഈഴവ സ്‌നേഹം വിലപ്പോവില്ലെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി.
വി.എസും പിണറായിയും ഒരുമിച്ച് മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.എസിനെ പ്രഖ്യാപിക്കാനും ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വിജയനെ പ്രഖ്യാപിക്കാനും നേതൃതലത്തില്‍ ആലോചനയുണ്ട്.
ആഭ്യന്തര വകുപ്പും മറ്റൊരു സുപ്രധാന വകുപ്പും നല്‍കി പിണറായിയെ രണ്ടാമനാക്കുക വഴി പ്രശ്‌നപരിഹാരം സാധ്യമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 92 പിന്നിട്ട വി.എസിന്റെ ആരോഗ്യസ്ഥിതി കൂടി മുന്‍കൂട്ടി കണ്ടാണ് ഇത്തരമൊരു നിര്‍ദ്ദേശമുയരുന്നത്.
മുഖ്യമന്ത്രി പദത്തോടൊപ്പം ആഭ്യന്തരമില്ലെങ്കില്‍ വിജിലന്‍സ് വകുപ്പിനായി വി.എസ് പിടിമുറുക്കുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് വിജിലന്‍സ് ഒഴികെയുള്ള ആഭ്യന്തര വകുപ്പും മറ്റൊരു സുപ്രധാന വകുപ്പും പിണറായിക്ക് നല്‍കണമെന്ന ആലോചനയുള്ളത്.
വകുപ്പുകള്‍ വിഭജിച്ച് നല്‍കുന്നത് മുഖ്യമന്ത്രിയുടെ മാത്രം അധികാരത്തില്‍പ്പെട്ട കാര്യമാണെങ്കിലും സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി തീരുമാനമാണ് ഇക്കാര്യത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ നടപ്പാക്കാറുള്ളത്.
വി.എസും പിണറായിയും ഒറ്റക്കെട്ടായി നയിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം.
വി.എസിന്റെ ജനകീയതയും പിണറായിയുടെ സംഘാടനവും കോടിയേരിയുടെ ഇടപെടലുമെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണവര്‍.
പാര്‍ട്ടി പ്ലീനത്തിന് ശേഷം സംസ്ഥാന കമ്മിറ്റിയില്‍ ഒഴിവുള്ള സ്ഥാനത്ത് വി.എസിനെ ഉള്‍പ്പെടുത്താനും നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്.
ആര്‍എസ്പിയില്‍ നിന്ന് ഒരു വിഭാഗത്തെയും ജനതാദള്‍ എസിനെയും മുന്നണിയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള നേരിട്ടുള്ള ചര്‍ച്ചകളും കൊല്‍ക്കത്ത പ്ലീനത്തിന് ശേഷം നടക്കും.
കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും. ആവശ്യമെങ്കില്‍ കേന്ദ്ര നേതൃത്വം തന്നെ ഇക്കാര്യങ്ങളില്‍ ഇടപെടുമെന്നാണ് ലഭിക്കുന്ന സൂചന.