ലണ്ടന്‍: 54,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഹാക്ക് ചെയ്തു. തങ്ങളുടെ പ്രധാന ഹാക്കറെ വധിച്ചതിന് പ്രതികാരമായാണ് നടപടിയെന്ന് ഐഎസ് പറഞ്ഞു. ഹാക്ക് ചെയ്ത അക്കൗണ്ടുകളില്‍ സിഐഎ, എഫ്ബിഐ സംഘടനകളുടെ തലവന്മാരുടെ ഫോണ്‍ നമ്പറുകളും ചേര്‍ത്തു.
പാസ്‌വേഡുകളുള്‍പ്പെടെ ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ കഴിഞ്ഞയാഴ്ച ഐഎസ് ചോര്‍ത്തിയിരുന്നു. ഐഎസ് ഭീകരന്‍ ജുനൈദ് ഹുസൈനാണ് സൈബര്‍ കാലിഫേറ്റ് എന്ന് സ്വയം വിശേഷിപ്പിച്ച ഹാക്കിംഗ് സംഘത്തിന് രൂപം നല്‍കിയത്. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പിടിച്ചെടുത്ത് ഐഎസ് ആശയങ്ങളും ഇറാക്കിലെയും സിറിയയിലെയും വാര്‍ത്തകളും പ്രചരിപ്പിക്കുകയാണ് ഈ സൈബര്‍ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സൈബര്‍ ആക്രമണത്തിനു വിധേയമായ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഭൂരിപക്ഷവും സൗദി അറേബ്യ, ബ്രീട്ടീഷ് പൗരന്‍മാരുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റില്‍ സൈബര്‍ കാലിഫേറ്റ് ഹാക്കിംഗ് ഗ്രൂപ്പിന് രൂപം നല്‍കിയ ജുനൈദ് ഹുസൈന്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം ഇയാളുടെ സംഘം പെന്റഗണിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.