തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കും കെ.ബാബുവിനും സര്‍ക്കാരില്‍ നിന്ന് ഇരട്ടനീതിയാണ് ലഭിച്ചതെന്ന നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
ബാബുവിനെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അവതരണാനുമിത തേടി നടത്തിയ പ്രസംഗത്തിലാണ് കോടിയേരി ഈ ആരോപണം ഉന്നയിച്ചത്.
ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്ക് ബാധകമായ നിയമം എന്ത് കൊണ്ടാണ് കെ.ബാബുവിന് ബാധകമാവാത്തതെന്ന് കോടിയേരി ചോദിച്ചു. ബാബുവിനെതിരെ മാത്രം എന്ത് കൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ വാങ്ങിയ ആള്‍ സഭയ്ക്ക് പുറത്തും പത്ത് കോടി രൂപ വാങ്ങിയ ആള്‍ അകത്തുമിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കോടിയേരി പറഞ്ഞു.
ബാബു ബാറുടമകളില്‍ നിന്ന് 27 കോടി രൂപ വാങ്ങിയതിന് തെളിവുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കേസന്വേഷണം അട്ടിമറിക്കുകയാണുണ്ടായത്. ആര്‍. സുകേശനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണ്. കേസ് എറണാകുളത്തേയ്ക്ക് മാറ്റിയത് എന്തിനാണ്. ലളിതകുമാരി കേസിലെ വിധിയനുസരിച്ച് ബാബുവിനെതിരെ കേസെടുത്തില്ലെന്നും കോടിയേരി പറഞ്ഞു.