ആഭ്യന്തര വകുപ്പിന് അഭിമാനമായി വിജിലൻസ്, നടപടിയിൽ സർവ്വകാല റെക്കോർഡ് !

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന് അഭിമാനമായി മാറിയിരിക്കുകയാണിപ്പോൾ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ. കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നതിലും മിന്നൽ പരിശോധനയിലും സംസ്ഥാന വിജിലൻസ് ഇപ്പോൾ സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണ്. 2022-ൽ മാത്രമെടുത്തത് 47 കൈക്കൂലിക്കേസുകൾ. പിടിയിലായത് 56 സർക്കാർ ഉദ്യോഗസ്ഥരുമാണ്. കഴിഞ്ഞവർഷം 1715 മിന്നൽ പരിശോധനകളും സംസ്ഥാനത്ത് നടന്നു. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിൽനിന്നുമാത്രം 14 വീതം കൈക്കൂലിക്കേസുകളാണെടുത്തത്. ആരോഗ്യവകുപ്പിൽനിന്ന് ഏഴും രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് നാലും കേസുകൾ രജിസ്റ്റർചെയ്തു.

മോട്ടോർ വാഹനവകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, തദ്ദേശവകുപ്പ്, ഹയർസെക്കൻഡറി വകുപ്പ്, ആരോഗ്യവകുപ്പ്, രജിസ്‌ട്രേഷൻ വകുപ്പ്, റവന്യൂവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊതുവിതരണ വകുപ്പ് എന്നിവിടങ്ങളിലാണ് കഴിഞ്ഞവർഷം സംസ്ഥാനവ്യാപക പരിശോധന നടന്നത്.

നിയമനടപടികൾ സ്വീകരിച്ച 75 വിജിലൻസ് കേസുകളിലെ പ്രതികൾക്ക് ശിക്ഷ വാങ്ങിനൽകാനും വിജിലൻസിന് കഴിഞ്ഞു. കൂടാതെ 2022-ൽ 88 വിജിലൻസ് അന്വേഷണങ്ങളും 116 രഹസ്യാന്വേഷണപരിശോധനകളും ഒന്പതു ട്രിബ്യൂണൽ എൻക്വയറികളും വിജിലൻസ് തുടങ്ങി.

62 വിജിലൻസ് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഹാജരാക്കി. 2022-ൽ 446 പ്രാഥമികാന്വേഷണവും നടന്നതായി എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു.

കൈക്കൂലി, അഴിമതിക്കേസുകൾ

2018 104

2019 96

2020 106

2021 131

2022 225

Top