ലണ്ടന്‍: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 36.05 ഡോളറായി താഴ്ന്നു.
2004 ജൂലായിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.
ഈ മാസം ഇതിനോടകം 19 ശതമാനത്തിന്റെ ഇടിവാണ് ക്രൂഡ് വിലയിലുണ്ടായത്. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിനെ തുടര്‍ന്ന് അമേരിക്കയിലെ ലേമാന്‍ ബ്രദേഴ്‌സ് ബാങ്ക് പൊളിഞ്ഞ ശേഷം ഒരു മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് ഇപ്പോഴത്തേത്.
അടുത്ത വര്‍ഷം അസംസ്‌കൃത എണ്ണയുടെ ഉത്പാദനം വിപണിയിലെ ആവശ്യകതയെക്കാള്‍ കൂടുമെന്ന സന്ദേഹമാണ് വിലത്തകര്‍ച്ച തുടരാന്‍ ഇടയാക്കിയത്. ഇറാന്‍, അമേരിക്ക, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡോയില്‍ കൂടുതലായി വിപണിയിലെത്താന്‍ തുടങ്ങിയതോടെ ഉത്പാദനം റെക്കോഡ് നിലവാരത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്, വില കുറഞ്ഞാലും ഉത്പാദനം കുറയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ്. പക്ഷേ, അസംസ്‌കൃത എണ്ണവിലയില്‍ ഓരോ ഡോളറും താഴുന്നത് എണ്ണ ഉത്പാദകരായ ദരിദ്ര രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. നൈജീരിയ, വെനിേസ്വല എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം പ്രശ്‌നത്തിലായിരിക്കുന്നത്.
സൗദി അറേബ്യ, കുവൈത്ത്, ബഹറൈന്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ക്ക് പോലും ഇപ്പോഴത്തെ വിലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ചെലവ് വന്‍തോതില്‍ ചുരുക്കിയും തൊഴിലാളികളെ പിരിച്ചുവിട്ടുമാണ് അവര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നത്.
ഉപഭോഗം കുറയുകയും ഉത്പാദനം ഇപ്പോഴത്തെ നിലവാരത്തില്‍ തുടരുകയും ചെയ്താല്‍ വില ഇനിയും കുറയുമെന്നാണ് സൂചന. ആഗോള ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അനുമാനം അസംസ്‌കൃത എണ്ണയുടെ വില 20 ഡോളറിലേക്ക് വരെ കൂപ്പുകുത്താനിടയുണ്ട് എന്നാണ് സൂചന.