കൊല്‍ക്കത്ത: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ സിപിഎമ്മിന് പങ്കുണ്ടെങ്കില്‍ അതില്‍ വി.എസ് അച്യുതാനന്ദനും പങ്കുണ്ടെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ ഒരു സ്വകാര്യ ചനലില്‍ നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
പാര്‍ട്ടിയിലെ ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നേതാവാണ് വി.എസ്. വി.എസിനേയും പാര്‍ട്ടിയേയും രണ്ടായി കാണേണ്ടതില്ല. വി.എസ് സിപിഎമ്മിന്റെ ഭാഗമാണ്. നേതൃത്വത്തെ തീരുമാനിക്കുന്നതില്‍ ചെറുപ്പം മാത്രമല്ല പ്രായവും അനുഭവ പരിചയവും പ്രധാന ഘടകമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
വയസ്സിന്റെ കാര്യത്തില്‍ അയവില്ലാത്ത നിലപാടെടുക്കാനാകില്ല. മുന്നണി വിപുലീകരണത്തില്‍ സംസ്ഥാന ഘടകമാണ് ചര്‍ച്ചകള്‍ നടത്തുന്നത്. മുസ്ലീംലീഗ് മതേതര പാര്‍ട്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞത് ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും യെച്ചൂരി വ്യക്തമാക്കി.