രാജ്യത്തെ മൊബൈല്‍ ഫോണ്‍ – ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് 5 ജി സാങ്കേതിക വിദ്യ ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. 2021 മധ്യത്തോടെ നടപ്പാക്കുമെന്ന് കരുതിയിരുന്ന 5ജി ഭാഗികമായെങ്കിലും നടപ്പാക്കാന്‍ അടുത്തവര്‍ഷമാകണം. ഒരുക്കങ്ങളിലെ മന്ദഗതിയാണ് വൈകുന്നതിന് കാരണമെന്ന് ടെലികോം മന്ത്രാലയം നിയോഗിച്ച സ്റ്റാന്റിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 തുടക്കത്തില്‍ 5ജി നടപ്പാക്കാനാകുമെങ്കിലും ഇത് ഭാഗികമായിരിക്കും. അഞ്ച് വര്‍ഷംകൂടി 4ജി സാങ്കേതിക വിദ്യ രാജ്യത്ത് തുടരുമെന്നും ശശി തരൂര്‍ എം.പി അധ്യക്ഷനായ കമ്മിറ്റി വ്യക്തമാക്കുന്നു.
‘ഇന്ത്യയില്‍ 5ജി സംവിധാനം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് ഈ കമ്മിറ്റി വിലയിരുത്തുന്നത്. ലോകത്തെ മറ്റുപല രാജ്യങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ മന്ദഗതിയിലുള്ള തുടക്കഘട്ടം പോലും നമ്മള്‍ പിന്നിട്ടിട്ടില്ല. 2ജി, 3ജി, 4ജി ബസ്സുകള്‍ കിട്ടാതായതു പോലെ നമുക്ക് 5ജി അവസരങ്ങള്‍ നഷ്ടമാകാന്‍ പോവുകയാണ്. സമയബന്ധിതമായ നടപടികളും സര്‍ക്കാര്‍ ഇടപെടലും ഇവിടെ അത്യന്താപേക്ഷിതമാണ്.’ടെലികോം മന്ത്രാലയത്തിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
5ജി അവതരിപ്പിച്ചാലും ചില പ്രത്യേക ഉപയോഗങ്ങള്‍ക്കു വേണ്ടി മാത്രമേ ആദ്യഘട്ടത്തില്‍ ലഭ്യമാവുകയുള്ളൂ. ഈ വര്‍ഷം ഒക്ടോബറോടെ സേവന ദാതാക്കള്‍ക്കായി 5ജി ട്രയല്‍സ് നടത്തുമെന്ന് ടെലികോം വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, 2020 ജനുവരിയില്‍ തന്നെ ടെലികോം കമ്പനികള്‍ 5ജി ട്രയലിനായുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ അക്കാര്യത്തില്‍ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) പറയുന്നത്.
അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ, ഇറ്റലി, നെതര്‍ലാന്റ്സ്, വിയറ്റ്നാം, ഉറുഗ്വേ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഇതിനകം 5ജി നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് 5ജി ഉടന്‍ വരുമെന്ന പ്രതീക്ഷയില്‍ വിവിധ മൊബൈല്‍ കമ്പനികള്‍ 5ജി സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലിറക്കിയിട്ടുണ്ട്. ആപ്പിള്‍, വണ്‍പ്ലസ്, ഷവോമി, ഓപ്പോ, വിവോ, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകളുടെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോള്‍ ലഭ്യമാണ്.