ന്യൂഡല്‍ഹി: 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതില്‍ കേന്ദ്ര ടെലികോം മന്ത്രാലയത്തിനു മുന്നിലുള്ള ഏറ്റവും വലിയ തലവേദന റേഡിയോ തരംഗങ്ങളുടെ (സ്‌പെക്ട്രം) നിരക്കാണ്. ഉയര്‍ന്ന നിരക്കിലാണു തരംഗ വില്‍പ്പനയെങ്കില്‍ ലേലത്തില്‍ പങ്കെടുക്കില്ലെന്ന് മുന്‍നിര കമ്പനികള്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേഖലയിലെ ലൈസന്‍സ് നിരക്ക്, സ്‌പെക്ട്രം നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ദേശീയ ടെലികോം നയത്തിലുണ്ട്. 5ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട ടെലികോം നിയന്ത്രണ അതോറിറ്റിയുടെ(ട്രായ്) ശുപാര്‍ശയിലും നിരക്കു കുറയുമെന്നാണു സൂചന. എന്നാല്‍, എത്രത്തോളം നിരക്കു കുറയും എന്നു വ്യക്തമായ ശേഷം ലേലം നടപടികളില്‍ തീരുമാനമെടുക്കാനാണ് മുന്‍നിര കമ്പനികളുടെ നിലപാട്.
ഉയര്‍ന്ന തുക നല്‍കി സ്‌പെക്ട്രം സ്വന്തമാക്കുന്നത് കമ്പനികളുടെ നഷ്ടം വര്‍ധിപ്പിക്കുകയാണ്. മല്‍സരം വര്‍ധിച്ചതോടെ ഡേറ്റയുടെയും മറ്റും നിരക്ക് വളരെ കുറയ്‌ക്കേണ്ടി വന്നു. ലേലത്തില്‍നിന്നു കമ്പനികളെ പിന്നോട്ടു വലിക്കുന്നതും ഇതു തന്നെ. 2016ല്‍ 3ജി, 4ജി സ്‌പെക്ട്രത്തിന്റെ ലേലം നടത്തിയപ്പോള്‍ ലക്ഷ്യമിട്ടതിന്റെ 40% മാത്രമാണു സര്‍ക്കാരിനു ലഭിച്ചത്. ആകെ 5.63 ലക്ഷം കോടി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്തു ലഭിച്ചതു 65,789 കോടി രൂപ മാത്രം. വിവിധ ഫ്രീക്വന്‍സികളിലായി 2353 മെഗാഹെട്‌സ് വില്‍ക്കാന്‍ വച്ചെങ്കിലും 965 മെഗാഹെട്‌സ് മാത്രമാണ് അന്നു വിറ്റുപോയത്.