ലോകത്തെ പ്രധാന ചിപ്പ് നിര്‍മാതാക്കളും കംപ്യൂട്ടിങ് ഉപകരണ നിര്‍മാതാക്കളും പുതിയ സേവനത്തിനുള്ള തയ്യാറെടുപ്പിലാണ്. 5G സാങ്കേതികവിദ്യയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളിലൊന്ന് പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കം ആണ്. X50 5G NR ചിപ്പുകളോടാണ് സോണിയടക്കമുള്ള പല പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും താത്പര്യമെന്ന് ക്വാല്‍കം പറഞ്ഞു.
സോണിയെ കൂടാതെ എല്‍ജി, ഷവോമി, അസൂസ്, നോക്കിയ, ഒപ്പൊ, വിവോ എച്ടിസി തുടങ്ങി 16 കമ്പനികള്‍ തങ്ങളുടെ കൂടെയുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. 5G സാങ്കേതികവിദ്യയില്‍ ക്വാല്‍കമിനൊപ്പം പ്രയത്‌നിക്കാന്‍ നിരവധി വമ്പന്‍ ഒഇഎം കമ്പനികളും ഉണ്ട്. ഇവയില്‍ ഷാര്‍പ്, ഫുജിറ്റ്‌സു, നെറ്റ്ഗിയര്‍ തുടങ്ങിയവയും ഉണ്ട്.
ഇവരെല്ലാം 5G മൊബൈല്‍ ഉപകരണങ്ങള്‍ 2019ല്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സബ്6 GHz, മിലിമീറ്റര്‍ വേവ് എന്നീ സ്‌പെക്ട്രം ബാന്‍ഡുകളാണ് അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാക്കാന്‍ ശ്രമിക്കുന്നത്. 5G NR സാങ്കേതികവിദ്യ മൊത്തം ഡേറ്റാ സേവനത്തെയും പുനര്‍ നിര്‍വചിക്കും എന്നാണ് കരുതുന്നത്.
ഈ സേവനത്തിനൊപ്പം പുതിയ സ്‌പെക്ട്രം ബാന്‍ഡുകളും പ്രവര്‍ത്തനക്ഷമമാകും. എപ്പോഴും വയര്‍ലെസായി 5Gയില്‍ കണക്ട് ചെയ്തിരിക്കുന്ന പിസി, ക്ലൗഡ് സേവനങ്ങള്‍, ഇന്ററാക്ടീവ് ഗെയ്മുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി റിയല്‍ടൈം ഓഡിയോ തര്‍ജ്ജമ, റിയല്‍ടൈം ടെക്സ്റ്റ് തര്‍ജ്ജമ തുടങ്ങിയവയൊക്കെ ഡേറ്റാ സ്പീഡ് കുതിക്കുന്നതൊടെ പുതിയ മാനങ്ങള്‍ തേടും.