കൊച്ചി: ഇന്റർനെറ്റിന്റെ അതിവേഗതയ്ക്ക് ഇനി കേരളവും കാത്തിരിക്കണ്ട. കേരളത്തിലും 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് നാളെ തുടക്കമാകും. കൊച്ചിയിൽ നാളെ മുതൽ റിലയൻസ് ജിയോയാണ് 5 ജി സേവനം ആദ്യമായെത്തിക്കുന്നത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭ്യമാകുക. കേരളത്തിലെ 5 ജി പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഓൺ ലൈനിലൂടെയാകും മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.
നാല് നഗരങ്ങളിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം എത്തിയിരുന്നു. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്. പിന്നീട് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് 5 ജി സേവനം എത്തിയിരുന്നു. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിലും നാളെ 5 ജി സേവനത്തിന് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിലാണ് സേവനമെങ്കിലും അധികം വൈകാതെ തന്നെ മറ്റ് ഇടങ്ങളിലേക്കും 5 ജി എത്തും.