ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ്; രവിചന്ദ്രന്‍ അശ്വിനെതിരെ ഗുരുതര ആരോപണവുമായി ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ മുന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. കരിയറിലെ നൂറാം ടെസ്റ്റിനായി നാളെ ഇറങ്ങുന്ന അശ്വിന് ആശംസകള്‍ നേരാനാണ് താന്‍ വിളിച്ചത്. എന്നാല്‍ അശ്വിന്‍ ഫോണ്‍ കട്ട് ചെയ്തു. മുന്‍ താരങ്ങളോട് ഇപ്പോഴത്തെ കളിക്കാര്‍ ഇങ്ങനെയാണ് പെരുമാറുന്നതെന്നും ശിവരാമകൃഷ്ണന്‍ ആരോപിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിക്ക് കീഴില്‍ കളിച്ചതുകൊണ്ടാണ് അശ്വിന്‍ ഇന്ത്യന്‍ ടീമിലെത്തിയത്. അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ധോണിയുടെ സ്വാധീനമാണ് അശ്വിന് ദേശീയ ടീമിലേക്ക് വഴിതുറന്നതെന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു.

മുമ്പും അശ്വിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യന്‍ മുന്‍ താരം രംഗത്തെത്തിയിരുന്നു. പന്ത് കുത്തിത്തിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ആര്‍ക്കും വിക്കറ്റ് വീഴ്ത്താനാവും. ഫീല്‍ഡറെന്ന നിലയില്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിന് വലിയ ബാധ്യതയാണ്. ഇന്ത്യന്‍ ടീമില്‍ ഒട്ടും ഫിറ്റ്‌നെസില്ലാത്ത കളിക്കാരനാണ് അശ്വിനെന്നും ശിവരാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

Top