ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു ; പത്തിലധികം പാക് സൈനികരും ഭീകരരും കൊല്ലപ്പെട്ടെന്ന് കരസേന മേധാവി

ന്യൂഡല്‍ഹി : പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സ്ഥിരീകരിച്ച്‌ കരസേന മേധാവി ബിപിന്‍ റാവത്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍പത്തിലധികം പാക് പട്ടാളക്കാരും ഭീകരരും കൊല്ലപ്പെട്ടതായും മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണരേഖയ്ക്ക് സമീപം താങ്ധര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും രണ്ട് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചിരുന്നു. ഒരു നാട്ടുകാരനും ജീവന്‍ നഷ്ടപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ മറവില്‍ ഭീകരര്‍ക്ക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ പതിവുപോലെ അവസരം നല്‍കുകയായിരുന്നു പാക്കിസ്ഥാന്‍. ഇതിന് പാക്ക് അധീനവേശ കശ്മീരിലെ ഭീകരത്താവളങ്ങളും പാക് സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.

നീലം താഴ്‌വരയില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള നാല് ലോഞ്ചിങ് പാഡുകള്‍ തകര്‍ത്തു. ജുറ, കുന്‍ദല്‍ഷാന്‍ തുടങ്ങി വിവിധ മേഖലകളിലെ ഭീകരത്താവളങ്ങളും നാമാവശേഷമാക്കി.

ലഷ്‌ക്കറിന്റെയും ഹിസ്ബുല്‍ മുജാഹിദീന്റെയും ഭീകരരെ വധിച്ചു. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നു നിരവധിയാളുകള്‍ക്കു പരുക്കേറ്റു. വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി.

അതേസമയം ഇന്ത്യയാണ് പ്രകോപനമുണ്ടാക്കിയതെന്നും ഒന്‍പത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പട്ടതായും പാക്ക് സൈനിക വക്താവ് അവകാശപ്പെട്ടു. ഇന്ത്യയുടെ രണ്ട് സൈനിക ബങ്കറുകള്‍ തകര്‍ത്തതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു.

ഒരു പാക്ക് സൈനികനും നാട്ടുകാരായ അഞ്ചുപേരും കൊല്ലപ്പെട്ടുവെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. അര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമിഷണര്‍ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പാക്ക് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രകോപനമാണ് നടക്കുന്നത്.

Top