സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; മധ്യപ്രദേശില്‍ 6 ബിജെപി നേതാക്കള്‍ രാജിവെച്ചു, കോണ്‍ഗ്രസിലും അതൃപ്തി

ഡല്‍ഹി: മധ്യപ്രദേശില്‍ 6 ബിജെപി നേതാക്കള്‍ രാജിവെച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആണ് രാജി. നിലവില്‍ 20ലധികം സീറ്റുകളില്‍ സീറ്റു കിട്ടാത്തതിനെ ചൊല്ലിയുള്ള കലഹം തുടരുന്നുണ്ട്. 92 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയായിരുന്നു.

അതേസമയം, ബിജെപിയില്‍ മാത്രമല്ല, കോണ്‍ഗ്രസിലും സീറ്റ് തര്‍ക്കം മുറുകുകയാണ്. കോണ്‍ഗ്രസില്‍ നാല്പതോളം മണ്ഡലങ്ങളില്‍ തര്‍ക്കം ശക്തമായി. തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചു നേതാക്കള്‍ പാര്‍ട്ടി വിട്ടതായാണ് റിപ്പോര്‍ട്ട്. ധ്യപ്രദേശില്‍ നേരത്തെ, കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെതിരെയും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

കേന്ദ്രമന്ത്രിയെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ജബല്‍പൂരില്‍ മുന്‍ മന്ത്രി ശരദ് ജെയിനിന്റെ അനുയായികളാണ് കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വന്‍ പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ബൈത്തുല്‍ നഗാഡ, ചച്ചൗര, ഷിയോപൂര്‍, സത്‌ന , ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്.

Top