തിരുവനന്തപുരം: എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. വിശ്വാസ സംരക്ഷണത്തിനായി ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നാണ് പ്രചാരണ മുദ്രാവാക്യം. സാമൂഹിക ക്ഷേമ പെന്ഷന് 3500 രൂപയാക്കും. കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രകാശനം ചെയ്ത പ്രകടനപത്രികയില്‍ പറയുന്നു.
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി ലാപ്ടോപ് നല്‍കും. എല്ലാവര്ക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 6 സൗജന്യ സിലിണ്ടര്‍ നല്‍കും. മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനമുണ്ടാകും. സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷിരാഷ്ട്രീയ മുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ കൊണ്ടുവരും.
ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു കൃഷി ചെയ്യാന്‍ ഭൂമി നല്‍കും. സംസ്ഥാനത്തെ ഭീകരവാദ വിമുക്തമാക്കും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തും. ബിപിഎല്‍ വിഭാഗത്തിലെ കിടപ്പു രോഗികള്‍ക്കു പ്രതിമാസം 5000 രൂപ സഹായം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.