മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് ആറ് മാസം തടവ്, നിയമം ശക്തമാക്കി കേന്ദ്രം

parents

ന്യൂഡല്‍ഹി: വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് നിയമഭേദഗതിക്ക് തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ കുറ്റകൃത്യത്തിന് മൂന്ന് മാസമുള്ള തടവുശിക്ഷ ആറ് മാസമാക്കി ഉയര്‍ത്താനാണ് നീക്കം. 2007ലെ മുതിര്‍ന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും ക്ഷേമ-പരിപാലന നിയമത്തില്‍ ഭേദഗതി വരുത്താന്‍ സാമൂഹ്യനീതി-ശാക്തീകരണ വകുപ്പ് ആലോചിക്കുന്നുണ്ട്.

നിലവിലുള്ള നിയമമനുസരിച്ച് മക്കളും കൊച്ചുമക്കളും മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഭേദഗതി പ്രകാരം, ദത്തെടുത്ത മക്കള്‍, കൊച്ചുമക്കള്‍ എന്നിവരെല്ലാം സംരക്ഷണ അവകാശ നിയമത്തില്‍ വരും. പുതിയ സീനിയര്‍ സിറ്റിസണ്‍ ബില്ലിന്റെ കരട് രൂപം തയ്യാറാക്കിക്കഴിഞ്ഞതായും ഇത് അംഗീകരിക്കപ്പെടുന്നതോടെ നിലവിലെ നിയമം ദുര്‍ബലപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വൃദ്ധരുടെ ജീവിതവും വസ്തുവകകളും സംരക്ഷിക്കപ്പെടണമെന്ന് നിയമം അനുശാസിക്കുന്നു. മക്കള്‍ ആ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ നിയമസംരക്ഷണത്തോടെ ട്രൈബ്യൂണലിനെ സമീപിച്ച് നഷ്ടപരിഹാരമുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ വൃദ്ധര്‍ക്ക് അവകാശമുണ്ട്. പരമാവധി മൂന്നുമാസത്തിനിടയ്ക്ക് തീര്‍പ്പ് കല്‍പ്പിച്ച് പുനരധിവാസത്തിനു വഴിയൊരുക്കും.

Top