ന്യൂഡല്‍ഹി: ഇരുപത്തിരണ്ട് മലയാളികളുള്‍പ്പെടെ അറുപതിലധികം ഇന്ത്യക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍.
ഇവര്‍ അഫ്ഗാനിസ്താനില്‍ ഐഎസിനുവേണ്ടി പോരാടുകയാണെന്നും സുബ്ഹാനി അന്വേഷണ സംഘത്തിനോട് പറഞ്ഞു.
ഐ.എസ് നിയന്ത്രണത്തിലുള്ള സിറിയയിലെ റാഖയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ കൂടുതലും ഉള്ളതെന്നും ഇയാള്‍ പറയുന്നു. സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍ സത്യമാണോയെന്ന് രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
7000 മുതല്‍ 10,000 വരെ ഭീകരര്‍ റാഖയില്‍ ഉണ്ടെന്നാണ് ഇയാള്‍ പറയുന്നത്.
ഇയാളില്‍ നിന്ന് ഇന്ത്യയിലെ ഐ.എസ് റിക്രൂട്ട്‌മെന്റിന്റെ നിര്‍ണായക വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ഐഎസ് ഭീകരരോടൊപ്പമുണ്ടായിരുന്ന സമയങ്ങളില്‍ ദിവസം രണ്ട് നേരമായിരുന്നു ഭക്ഷണം ലഭിച്ചിരുന്നത്. പകല്‍ 10മണിക്കും പിന്നീടി സൂര്യന്‍ അസ്തമിച്ചതിന് ശേവുമായിരുന്നു ഭക്ഷണം ലഭിച്ചിരുന്നത്.
ഉമര്‍ ഇബ്‌നു ഖാതിബ് ഖാതിബ എന്ന ഗ്രൂപ്പിലായിരുന്നു താന്‍ ഉണ്ടായിരുന്നത്. ഫ്രഞ്ച്കാരനായ അബു സുലൈമാന്‍ അല്‍ ഫ്രാന്‍സിസി എന്നയാളായിരിന്നു ഇതിന്റെ നേതാവെന്നും സുബ്ഹാനി പറയുന്നു.
എ.കെ 47 റൈഫിള്‍, ഗ്രനേഡുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഉപയോഗിക്കാനും പരിശീലിപ്പിച്ചതായും ആയുധങ്ങള്‍ കൂട്ടിയോജിപ്പിക്കാനുള്ള പരിശീലനങ്ങള്‍ നല്‍കിയതായും ഇയാള്‍ പറയുന്നു. മാത്രമല്ല തനിക്ക് യുദ്ധമുറകളില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും സുബ്ഹാനി വെളിപ്പെടുത്തി. കഴിഞ്ഞമാസമാണ് സുബ്ഹാനിയെ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്.