ഉറവിടമറിയാത്ത 60 കോവിഡ് കേസുകള്‍; പഠിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത 60 കോവിഡ് കേസുകള്‍ പഠിക്കാന്‍ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. രോഗവ്യാപന പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തില്‍ വിഷയം ചര്‍ച്ചയായതോടെയാണു രോഗവ്യാപന പഠനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 60 പേരുടെ രോഗഉറവിടമാണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത്. മേയ് നാലിനു ശേഷമാണ് ഇതില്‍ 49 പേരുടെയും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തു മരിച്ച ഫാ. കെ.ജി.വര്‍ഗീസ്, കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സേവ്യര്‍, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുല്‍ കരീം, കണ്ണൂര്‍ ധര്‍മടത്ത് മരിച്ച ആസിയയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയില്‍ വീണതിനു ചികിത്സ തേടിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവര്‍ക്ക് എങ്ങനെ രോഗം വന്നെന്നു വ്യക്തമല്ല.

കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഉറവിടമറിയാത്ത കൂടുതല്‍ രോഗബാധിതരുള്ളത്. ഈ കണക്കുകള്‍ ഐസിഎംആറിന് നല്‍കും.

സമൂഹവ്യാപനമുണ്ടായോ എന്നറിയാന്‍ നടത്തിയ ആന്റിബോഡി പരിശോധനാഫലം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കൃത്യമായ കണക്കുകള്‍ പുറത്തുവിട്ട് ജനങ്ങള്‍ക്ക് രോഗവ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം നല്‍കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Top