കാഞ്ഞങ്ങാട്: കേരളത്തിൽ ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല.
കാഞ്ഞങ്ങാട് 60 ബംഗാളി തൊഴിലാളികള്‍ ഉറങ്ങുന്നതും ഉണ്ണുന്നതും ഒറ്റമുറി പ്ലാസ്റ്റിക് ഷെഡില്‍. പടന്നക്കാട് സി.കെ. നായര്‍ കോളേജ് ഗ്രൗണ്ടിലാണ് ഷെഡ് കെട്ടിയത്.
നെഹ്രു കോളേജിന്റെ പുതിയ കെട്ടിടം നിര്‍മിക്കുന്ന പണിയാണിവര്‍ക്ക്. ഇതിനാലാണ് ഇതേ മാനേജുമെന്റിനുകീഴിലുള്ള സി.കെ. നായര്‍ കോളേജ് ഗ്രൗണ്ടില്‍ ഷെഡ് കെട്ടിയത്.
തൃശ്ശൂരിൽ നിന്നുള്ള കരാറുകാരനാണ് കാഞ്ഞങ്ങാട്ടേക്ക് ഇവരെ ജോലിക്കായി എത്തിച്ചിരിക്കുന്നത്.
തൊഴിലാളികള്‍ തുറന്നസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
നഗരസഭ ഉപാധ്യക്ഷ എല്‍.സുലൈഖയുടെയും കൗണ്‍സിലര്‍ എം.എം.നാരായണന്റെയും ഇടപെടലിനെ തുടര്‍ന്ന് സൂപ്പര്‍വൈസര്‍ സുഗതകുമാരിയുടെ നേതൃത്വത്തില്‍ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഉദ്യോഗസ്ഥസംഘം കരാറുകാരന് നോട്ടീസ് നല്കി.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ടതോടെ രണ്ട് താത്കാലിക കക്കൂസുകള്‍ നിര്‍മിച്ചു.
തൊഴിലാളികളെ വൃത്തിയുള്ള സ്ഥലങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി.