കുവൈറ്റ് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെ കുവൈറ്റിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന തീരുമാനവുമായി ഭരണകൂടം. അവരുടെ നിലവിലെ വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന് പുറത്തുപോവണമെന്ന് അനുശാസിക്കുന്ന നിയമം പിന്‍വലിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
കര്‍ശന വ്യവസ്ഥയോടെ ഇഖാമ പുതുക്കി നല്‍കാനാണ് പുതിയ തീരുമാനം. വാര്‍ഷിക ഫീസ് ഈടാക്കി 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം കഴിഞ്ഞ ജനുവരിയില്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിയമം കര്‍ക്കശമായി നടപ്പിലാക്കിയിരുന്നില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിരോധനവും ഇതിന് കാരണമായിരുന്നു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്. 2000 ദിനാര്‍ ഫീസ് ഈടാക്കി വിസ ഓരോ വര്‍ഷത്തേക്ക് പുതുക്കാനാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. അഞ്ചു ലക്ഷത്തോളം രൂപ വരുമിത്.
ഇങ്ങനെ ഫീസ് നല്‍കി വിസ പുതുക്കുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇഖാമ പുതുക്കുന്നതിനുള്ള 2000 ദിനാര്‍ ഫീസിന് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള തുകയും നല്‍കണം. എന്നാല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 60 കഴിഞ്ഞവരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമം പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മാനവ വിഭവശേഷി അതോറിറ്റി തയ്യാറാക്കി മന്ത്രിസഭ മുമ്പാകെ സമര്‍പ്പിച്ച ശുപാര്‍ശകള്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.
മൂന്ന് ശുപാര്‍ശകളായിരുന്നു ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം സമര്‍പ്പിച്ചത്. 2000 ദിനാറോ 1000 ദിനാറോ ഫീസ് ഏര്‍പ്പെടുത്തി വിസ പുതുക്കി നല്‍കുകയോ നിയമം തല്‍ക്കാലം വേണ്ടെന്നു വയ്ക്കുകയോ ചെയ്യണമെന്നതായിരുന്നു ശുപാര്‍ശകള്‍. ഇവയില്‍ ആദ്യത്തേത് അംഗീകരിക്കപ്പെടുകയായിരുന്നു.
2020 സെപ്തംബറിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. 2021 ജനുവരി ഒന്നു മുതല്‍ ഈ നിയനം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഇതിനെതിരേ സ്വദേശികളില്‍ നിന്നു തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിക്കുകായിരുന്നു.