തേഞ്ഞിപ്പാലം: സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വ്വകലാശാലയില്‍ സുരക്ഷിതത്വം തേടി പെണ്‍കുട്ടികള്‍ ഗവര്‍ണറെ സമീപിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാംപസിലെ വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ 600ഓളം പെണ്‍കുട്ടികളാണ് ഒരു വിഭാഗം ആണ്‍കുട്ടികളില്‍ നിന്നും പുറത്ത് നിന്നുള്ളവരുടെയും ലൈംഗിക ചേഷ്ടകള്‍ക്കും കയ്യേറ്റ ശ്രമങ്ങള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
ഇതു സംബന്ധമായി പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.
ഭീഷണിപ്പെടുത്തല്‍, ശാരീരിക പീഡനം, അശ്ലീല വാക്കുകളും ആംഗ്യങ്ങളും പ്രയോഗിക്കല്‍, പൊതുസ്ഥലത്ത് വച്ച് കളിയാക്കല്‍ മോശമായ രൂപത്തിലുള്ള ശാരീരിക പ്രദര്‍ശനം തുടങ്ങി പീഡനത്തിന്റെയും അപമാനത്തിന്റെയും വിവിധ വശങ്ങള്‍ ഗവര്‍ണര്‍ പി സദാശിവത്തിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റീസിനും പരാതി കൈമാറിയിട്ടുണ്ട്.
നടപടി സ്വീകരിക്കേണ്ട അധികൃതര്‍ തന്നെയാണ് അതിക്രമം കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണവും സഹായവും നല്‍കുന്നതെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിക്കുന്നു.
പൊതു ഇടങ്ങളില്‍ പോലും കഴിഞ്ഞ ഒന്നരമാസമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി തുടരുകയാണെന്നും വഴിനടക്കാന്‍ പറ്റാത്ത സാഹചര്യമാണ് ക്യാംപസിനകത്തും പുറത്തുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
ഫിസിക്കല്‍ എജ്യുക്കേഷനിലെ രണ്ട് പേര്‍ക്കെതിരെ പരാതി നല്‍കിയ ഏഴ് പെണ്‍കുട്ടികളെ പടക്കം എറിഞ്ഞ് ഭീഷണിപ്പെടുത്തിയതായും നവംബര്‍ ഒമ്പതിന് പരിചയപ്പെടല്‍ പരിപാടിയില്‍ ഒരു പെണ്‍കുട്ടിക്ക് ശാരീരികമായും മാനസികമായും അപമാനം സഹിക്കേണ്ടി വന്നതായും പരാതിയില്‍ വ്യക്തമാക്കി.
റാഗിംങ് അടക്കം പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ ദേശീയ തലത്തില്‍ രൂപീകരിച്ച യുജിസിയുടെ ആന്റി റാഗിംങ് മോണിറ്ററിംഗ് കമ്മിറ്റിയും കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാംപസിലെ അവസ്ഥ അതീവ ഗൗരവമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.