തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകൾ വന്ന ശേഷമുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ സ്ഥിതിയെന്താണ്. റോഡിലെ ക്യാമറകൾ കാണുമ്പോൾ നമ്മളെല്ലാം ചോദിച്ചുപോകുന്ന ചോദ്യമാണത്. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജു നൽകിയത്. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി എ ഐ ക്യാമറ പരിഷ്കരണം നടപ്പിലാക്കിയ 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങൾ മാധ്യമങ്ങളുമായി ഗതാഗത മന്ത്രി പങ്കുവച്ചു. സംസ്ഥാനത്ത് അറുപത്തിരണ്ട് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇക്കാലയളവിൽ കണ്ടെത്തിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കൃത്യമായി പറഞ്ഞാൽ 6267853 നിയമ ലംഘനങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് ഉണ്ടായത്.
എ ഐ ക്യാമറ പ്രവർത്തനം ആരംഭിച്ച ജൂൺ മാസത്തിലാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജൂണിൽ മാത്രം സംസ്ഥാനത്ത് 18.77 ലക്ഷത്തിലധികം ഗതാഗത നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ജൂലൈ മാസത്തിൽ ഇക്കാര്യത്തിൽ അഞ്ച് ലക്ഷത്തിന്റെ കുറവ് ഉണ്ടായി. ജൂലൈയിൽ 13.63 ലക്ഷം ഗതാഗത നിയമ ലംഘനങ്ങൾ മാത്രമാണ് എ ഐ ക്യാമറ കണ്ടെത്തിയത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ വീണ്ടും നിയമലംഘനങ്ങൾ കൂടി. ഓഗസ്റ്റിൽ നിയമ ലംഘനങ്ങളുടെ 16.89 ലക്ഷം ക്യാമറ ക്ലിക്കുകളാണ് എ ഐയിൽ പതിഞ്ഞത്. എന്നാൽ സെപ്തംബർ മാസത്തിൽ വീണ്ടും ഗതാഗത നിയമ ലംഘനങ്ങൾ കുറയുകയായിരുന്നു. സെപ്തംബറിൽ 13.38 ലക്ഷം ഗതാഗത നിയമ ലംഘനങ്ങൾ മാത്രമാണ് എ ഐ ക്യാമറയിൽ പതിഞ്ഞത്.
സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുകയാകും ഇതുവഴി എത്തുക. ജൂൺ 5 മുതൽ സെപ്റ്റബർ 30 വരെയുള്ള കാലയളവിൽ എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്കായി 102 കോടിയിലധികം ചെല്ലാനാണ് ഗതാഗതവകുപ്പ് നൽകിയിട്ടുള്ളത്. എ ഐ ക്യാമറകൾ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം. എം പി, എം എൽ എ എന്നിവരുടെ നിയമ ലംഘനങ്ങൾ 56 തവണയാണ് കണ്ടെത്തിയതെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്. എ ഐ ക്യാമറ വന്നതിനുശേഷം ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞെന്നും മന്ത്രി വിവരിച്ചു.