അംബാല: ബീഫ് കഴിക്കുന്നവര്‍ ഹരിയാനയിലേക്ക് വരേണ്ടതില്ലെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്. ഗോവധത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഹരിയാന. വിദേശികള്‍ക്കും ബീഫ് നിരോധനത്തില്‍ യാതൊരു ഇളവും നല്‍കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണ രീതികളോട് പൊരുത്തപ്പെടാന്‍ സാധിക്കാത്ത ഒറ്റ കാരണം കൊണ്ട് നമ്മള്‍ ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കാറില്ല. ഇതിനെയും അതുപോലെ കണ്ടാല്‍ മതിയെന്നാണ് അനില്‍ വിജിന്റെ പക്ഷം. സംസ്ഥാനത്തെത്തുന്ന വിദേശികള്‍ക്ക് ബീഫ് കഴിക്കുന്നതിനായി പ്രത്യേക നിയമ സംവിധാനം കൊണ്ടു വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായായിരുന്നു അനിലിന്റെ പ്രതികരണം.
സംസ്ഥാനം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് പശുവിറച്ചി കഴിക്കാന്‍ യാതൊരു ഇളവുകളും നല്‍കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജ് പറഞ്ഞു.
പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അനില്‍ വിജ് കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയിരുന്നു. ഇതിനായി ഒരു ഓണ്‍ ലൈന്‍ അഭിപ്രായ സര്‍വേയും അദ്ദേഹം നടത്തി. അതേസമയം, സംസ്ഥാനത്തെത്തുന്ന വിദേശികള്‍ക്ക് ബീഫ് നിരോധനത്തില്‍ ചില ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞതായി നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.