കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്നത് 64,006 കുടുംബങ്ങള്‍ എന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര കുടുംബങ്ങള കണ്ടെത്തിയത്. അതിദരിദ്രരില്‍ 81 ശതമാനവും ഗ്രാമങ്ങളിലാണ് കഴിയുന്നത്. ബജറ്റില്‍ ഇവര്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
ഏറ്റവുമധികം അതിദാരിദ്ര്യ കുടുംബങ്ങള്‍ മലപ്പുറത്താണുള്ളത്. 8553 കുടുംബങ്ങള്‍. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ജില്ലിയില്‍ 7278 അതിദരിദ്ര കുടുംബങ്ങളാണുള്ളത്. കോഴിക്കോട് മൂന്നാം സ്ഥാനത്തും 6773 കുടുംബങ്ങള്‍. കോട്ടയത്താണ് ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങളുള്ളത് 1071. 34,523 അതിദരിദ്ര കുടുംബങ്ങള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുവരും 15,091 കുടുംബങ്ങള്‍ ഭവനരഹിതരുമാണ്. 40,817 കുടുംബങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്നും 58,273 കുടുംബങ്ങള്‍ വരുമാനമില്ലാത്തവരാണെന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
അതിദാരിദ്യ നിര്‍മ്മാര്‍ജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ 77,557 പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭവനരഹിതര്‍ക്കായി ലൈഫ് മിഷന്റെ കീഴില്‍ ഇതിനകം 415 വീടുകളാണ് 2023 സെപ്തംബറില്‍ പൂര്‍ത്തിയാക്കിയത്. 2023 ഒക്ടോബര്‍ 31ലെ കണക്കുകള്‍ പ്രകാരം 47.89 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞതായാണ് സര്‍ക്കാരിന്റെ അവകാശവാദം. ബജറ്റില്‍ അതിദരിദ്ര്യകുടുംബങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടേക്കാം.