പാരീസ് : സമൂഹത്തിലെ അക്രമങ്ങളെയും,അനീതിയെയും വാക്കുകൾ കൊണ്ടും , എഴുത്തുകൾ കൊണ്ടും ചോദ്യം ചെയ്യുന്നവരാണ് മാധ്യമ പ്രവർത്തകർ.
ഈ മാധ്യമ പ്രവർത്തകർ സുരക്ഷിതരല്ലായെന്ന് തെളിയിക്കുന്ന പുതിയ കണക്കുകൾ ഇപ്പോൾ പുറത്തായിരിക്കുകയാണ് .
ആഗോളതലത്തിൽ ഈ വർഷം മാത്രം കൊല്ലപ്പെട്ടത് 65 പത്ര പ്രവർത്തകരും ,മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ആളുകളുമാണെന്ന് സർക്കാർ ഇതര സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്ത്ഔട്ട് ബോർഡർ (ആർ.എസ്.എഫ് ) പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ കണക്കുകൾ 14 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും , ഇത്തരത്തിൽ കൊല്ലപ്പെട്ടവരിൽ 50 പ്രൊഫഷണൽ റിപ്പോർട്ടർമാരാണെന്നും ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പത്ര പ്രവർത്തകരാണ് കൊല്ലപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിൽ ഏറ്റവും അപകടകരമായ വിധത്തിൽ യുദ്ധം നടക്കുന്ന സിറിയയിൽ ആർ.എസ്.എഫ്.റിപ്പോർട്ട് പ്രകാരം പന്ത്രണ്ടും , മെക്സിക്കോയിൽ പതിനൊന്നും റിപ്പോർട്ടർമാർ കൊല്ലപ്പെട്ടു.
മെക്സിക്കോയിൽ കൊല്ലപ്പെട്ടവരിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ജാവിയർ വാൽഡെസ് ഉൾപ്പെടുന്നുണ്ട്. മെക്സിക്കോയിലെ മയക്കുമരുന്ന് പ്രവർത്തനങ്ങൾക്ക് എതിരെ വാർത്തകൾ നൽകിയ ജാവിയറിന്റെ കൊലപതാകം രാജ്യത്ത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
മെക്സിക്കോ ഏറ്റവും ഭയാനകമായ രാജ്യമാണെന്നും, അവിടെ യുദ്ധം മൂലമല്ല മാധ്യമ പ്രവർത്തകർ കൊലപ്പെടുന്നത് പകരം അഴിമതിയും , രാഷ്ട്രീയപരമായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാലാണ് എന്നും ആർ.എസ്.എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഫിലിപ്പീൻസ് റിപ്പോർട്ടർമാർക്ക് ഏഷ്യയിലെ ഏറ്റവും അപകടകരമായ രാജ്യമായി മാറിയിരിക്കുകയാണ്, കഴിഞ്ഞ വർഷം കുറഞ്ഞത് അഞ്ചു പത്രപ്രവർത്തകരെങ്കിലും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്.
ആർ.എസ്.എഫിന്റെ കണക്കിൽ സൂചിപ്പിക്കുന്ന 65 പേരിൽ 39 മാധ്യമ പ്രവർത്തകർ തങ്ങളുടെ ജോലി സമയത്ത് വ്യോമാക്രമണത്തിലും , ചാവേർ അക്രമണത്തിലുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
അതേസമയം മരണനിരക്കിൽ കുറവ് ഉണ്ടാകുന്നുണ്ടെന്നും യുദ്ധ മുഖത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് മെച്ചപ്പെട്ട പരിശീലനം നൽകുന്നതിനാലാണ് ഇതെന്നും ആർ.എസ്.എഫ് അധികൃതർ പറയുന്നു.
സിറിയ, ഇറാഖ്, യമൻ , ലിബിയ തുടങ്ങിയ രാജ്യങ്ങളിലും മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നത് യുദ്ധത്തിലാണ്.
ഇതിൽ നിന്ന് വ്യത്യസ്തമായി തുർക്കിയിൽ മിക്ക മാധ്യമ പ്രവർത്തകരും ജയിലിലാണ്. ലോകത്തിൽ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരെ ജയിലിൽ അടച്ചിരിക്കുന്നത് തുർക്കിയാണ്.
ഭരണകൂടത്തെ ചോദ്യം ചെയ്യുക , സംശയിക്കുന്ന രീതിയിൽ പ്രവർത്തിക്കുക , സെൻസിറ്റീവ് സ്രോതസുമായി ബന്ധപ്പെടുക അല്ലെങ്കിൽ തെറ്റായ സന്ദേശങ്ങൾ കൈമാറുക തുടങ്ങിയ കേസുകളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുനത്.
ചൈനയിലും ഇതേ അവസ്ഥയാണ് തുടരുന്നത്. നിരവധി മാധ്യമ പ്രവർത്തകർ ജയിലിൽ കഴിയുമ്പോൾ ചൈന ബ്ലോഗ് എഴുതുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ചൈനയിൽ ഭരണകൂടത്തെ വിമർശിച്ചു ബ്ലോഗ് എഴുതിയവർക്ക് ജീവപര്യന്തം ശിക്ഷ നൽകിയിട്ടുണ്ട്.
സിറിയ (24), ഇറാൻ (23), വിയറ്റ്നാം (19) എന്നിങ്ങനെയാണ് ലോക രാജ്യങ്ങളിൽ മാധ്യമ പ്രവർത്തകരെ ജയിലിൽ അടച്ചിരിക്കുന്നതിന്റെ കണക്കുകൾ.
ഇന്ത്യയിലും ഇത്തരത്തിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വർഷം മൂന്ന് മാധ്യമ പ്രവർത്തകരെയാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
റിപ്പോർട്ട്: രേഷ്മ പി.എം