ജാപ്പനീസ് ആഢംബരക്കപ്പലിലെ 66 യാത്രക്കാര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

ടോക്കിയോ: കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജാപ്പനീസ് ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 66 യാത്രക്കാര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ 136 യാത്രികര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്.കപ്പലിലുണ്ടായ എണ്‍പതുകാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. ഇതില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുഴുവന്‍ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.

കൊറോണ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളേയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും ഇതുവരെ യാത്രക്കാരെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.

അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ച നിലയ്ക്ക് കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രി കട്‌സുനോബു കാട്ടോ വ്യക്തമാക്കി. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ഫലം പുറത്തറിഞ്ഞശേഷമേ യാത്രക്കാരെ പുറത്തുവിടൂ.

കപ്പലിലുള്ളവരില്‍ കൊറോണ വൈറസ് ബാധിച്ച 5 ജീവനക്കാര്‍ക്കും ഒരു യാത്രികനും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ നാലുപേര്‍ ഫിലിപ്പീന്‍സ് സ്വദേശികളാണ് ഒരാള്‍ യുഎസ് പൗരനും മറ്റൊരാള്‍ യുക്രെയ്ന്‍ പൗരനുമാണ്.

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. കണക്കുകള്‍ പ്രകാരം കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി വര്‍ധിച്ചു. എന്നാല്‍ പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ച്ചയായി കുറവു വന്നിട്ടുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ അറിയിച്ചു. കൊറോണ ബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഹുബൈ പ്രവിശ്യയിലാണ്. ചൈനയില്‍ പുതുതായി 444 പേര്‍ക്കാണ് ഒരാഴ്ച്ചക്കിടയില്‍ രോഗബാധ കണ്ടെത്തിയത്.

Top