പാലക്കാട് : കൃഷിക്ക് അത്യാവശ്യമായ രാസവളം പൊട്ടാഷിന് ഒറ്റയടിക്കു വർധിച്ചതു ചാക്കിന് 660 രൂപ. സെപ്റ്റംബറിൽ ചാക്കിന് 1040 രൂപയുണ്ടായിരുന്ന പൊട്ടാഷിന് പുതിയ സ്റ്റോക്കിൽ വില 1700 രൂപയായി. ഈ വർഷം ഏപ്രിലിൽ 850 രൂപയായിരുന്നു.
നെല്ല്, പച്ചക്കറി, റബർ എന്നിവയ്ക്ക് അത്യാവശ്യമായ പൊട്ടാഷ് കേരളത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉപയോഗിക്കുന്ന രാസവളമാണ്. ഇന്ത്യൻ പൊട്ടാഷ് കമ്പനിയുടെ കണക്കു പ്രകാരം വർഷം ശരാശരി ഒരു ലക്ഷം ടൺ പൊട്ടാഷാണു കേരളത്തിൽ ആവശ്യമായി വരുന്നത്. റഷ്യ, ബെലാറൂസ്, കാനഡ, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതലും ഇറക്കുമതി.
പൊട്ടാഷ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ കയറ്റുമതി നിർത്തിവയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പൊട്ടാസ്യം രാസവളങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലെ ഖനികളിൽ കനത്ത മഴയിൽ വെള്ളം നിറഞ്ഞത് ഉൽപാദനം കുറയാനിടയാക്കി. ഇതോടെ നിയന്ത്രണം ഏർപ്പെടുത്തുകയും വില കൂട്ടുകയും ചെയ്തു.
അതേ സമയം, നല്ല മഴ കിട്ടിയതോടെ പല രാജ്യങ്ങളിലും കൃഷിമേഖല സജീവമാവുകയും പൊട്ടാഷ് ഉൾപ്പെടെയുള്ള വളങ്ങളുടെ ആവശ്യം വർധിക്കുകയും ചെയ്തു. രാജ്യത്ത് പൊട്ടാഷ് ഉൾപ്പെടെയുളള രാസവളങ്ങളുടെ ക്ഷാമം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത പൊട്ടാഷാണ് എത്തിയത്. വില നിയന്ത്രണത്തിനു കേന്ദ്ര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൃഷിമേഖലയിൽ ഗുരുതര പ്രതിസന്ധിക്കു കാരണമാകും.