കൊച്ചി: ചലച്ചിത്ര താരം കലാഭവൻ മണി(45)​ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 7.45ഓടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് രണ്ട് ദിവസം മുൻപാണ് മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില അതീവ ഗുരുതരമായതിനെ തുടർന്ന് ഇന്ന് അദ്ദേഹത്തെ വെന്രിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മിമിക്രി രംഗത്തു നിന്നും സിനിമയിലേക്കെത്തിയ മണി ഒന്നര പതിറ്റാണ്ടോളമായി തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഒട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷമാണ് മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ അന്ധനെ അനശ്വരമാക്കിയ മണിയെ തേടി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ എത്തി. ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന പ്രിയ താരത്തെയാണ് പ്രേക്ഷകർക്ക് നഷ്ടമായിരിക്കുന്നത്.

Top