കേരളത്തിൽ ‘2018’ തരംഗം; അര്‍ധരാത്രി 67 എക്സ്‍ട്രാ ഷോകള്‍

തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഏതൊരു ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുക. മലയാള സിനിമയെ സംബന്ധിച്ചും സമീപകാല ചരിത്രം അങ്ങനെ ആയിരുന്നു. 2023 ല്‍ ഇതുവരെ റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളില്‍ രോമാഞ്ചം മാത്രമാണ് മികച്ച സാമ്പത്തിക വിജയം നേടിയത്. ഇങ്ങനെ പോയാല്‍ തിയറ്ററുകളില്‍ പലതും പൂട്ടേണ്ടിവരുമെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് മലയാള സിനിമയുടെ രക്ഷകനായി ഒരു ചിത്രം എത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് അത്.

കേരളത്തിന്റെ 2018 ലെ പ്രളയകാലം സ്ക്രീനില്‍ എത്തിച്ചിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ഒരേ തരത്തില്‍ വന്ന പോസിറ്റീവ് അഭിപ്രായങ്ങള്‍ വൈകുന്നേരത്തോടെ തിയറ്ററുകളില്‍ പ്രതിഫലിച്ചു. കേരളമെമ്പാടും റിലീസ് ദിനത്തില്‍ രാവിലെ മള്‍ട്ടിപ്ലെക്സുകളില്‍ ചെറിയ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ വൈകുന്നേരത്തോടെ ഏറ്റവും വലിയ സ്ക്രീനുകളിലേക്ക് മാറ്റി. സെക്കന്‍ഡ് ഷോകള്‍ക്ക് ശേഷവും ചിത്രം കാണാനുള്ള ആവേശം നിലനിന്നിരുന്നതിനാല്‍ നിരവധി എക്സ്ട്രാ ഷോകളാണ് റിലീസ് ദിനത്തില്‍ നടന്നത്. എന്നാല്‍ എക്സ്ട്രാ ഷോകളുടെ കാര്യത്തില്‍ രണ്ടാം ദിനം റിലീസ് ദിനത്തെ മറികടന്നെന്നാണ് പുറത്തെത്തുന്ന വിവരം.

ശനിയാഴ്ച അര്‍ധരാത്രി ചിത്രത്തിന്റെ 67 സ്പെഷല്‍ ഷോകളാണ് നടന്നതെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. കളക്ഷനിലും ഈ മുന്നേറ്റം ദൃശ്യമാവും. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 1.85 കോടി നേടിയെന്നാണ് കണക്കുകള്‍. ഇതിന്റെ ഇരട്ടിയിലേറെ, 3.2 കോടി മുതല്‍ 3.5 കോടി വരെയാണ് ചിത്രം കേരളത്തില്‍ നിന്ന് രണ്ടാം ദിനം നേടിയ കളക്ഷനെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സ്നേഹസല്ലാപം അറിയിക്കുന്നു. അതേസമയം കളക്ഷന്‍ സംബന്ധിച്ച കണക്കുകളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഞായറാഴ്ചയായ ഇന്നത്തേക്കുള്ള ഷോകളില്‍ പലതും ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്. ഞായറാഴ്ച കളക്ഷനിലും കുതിപ്പ് നടത്തുന്നതോടെ സമീപകാലത്ത് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷനാവും ചിത്രം നേടുന്നത്.

Top