യംഗോണ്‍: മ്യാന്‍മര്‍ സൈന്യം നടത്തിയ വംശീയ അക്രമത്തിന്റെ ആദ്യ മാസങ്ങളില്‍ കൊല്ലപ്പെട്ടത് 6,700 റോഹിങ്ക്യന്‍ മുസ്ലീമുകള്‍.
മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്ക് നേരെ ആഗസ്റ്റ് മുതല്‍ ആരംഭിച്ച അക്രമത്തിന്റെ തുടക്കത്തിലാണ് ഇത്രയും ജനങ്ങള്‍ കൊല്ലപ്പെട്ടത്. മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ്(എംഎസ്എഫ്) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തിറക്കിയത്.
റാഖൈനില്‍ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇതിനകം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്, കുറച്ചുപേര്‍ ഇന്ത്യയിലുമുണ്ട്.
റോഹിങ്ക്യകള്‍ നേരിട്ട ഈ ആക്രമണത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ വംശീയ ശുദ്ധീകരണമെന്ന് ഐക്യരാഷ്ട്രസഭയും യു.എസും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, മരണ സംഖ്യയുടെ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
ഏറ്റവും ചുരുങ്ങിയത് 6,700 റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇതില്‍ 730 കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നും എംഎസ്എഫ് പറയുന്നു.
ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ നിന്നും അവരുടെ കുടുംബത്തില്‍ സൈന്യത്തിന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ശേഖരിക്കുകയാണെന്നും എംഎസ്എഫ് അധികൃതര്‍ അറിയിച്ചിരുന്നു.
69% കേസുകളില്‍ വെടിയേറ്റതാണ് മരണ കാരണമാണെന്നാണ് സര്‍വ്വേ പറയുന്നത്, 9% വീടുകള്‍ക്കുള്ളില്‍ ജീവനോടെ കത്തിച്ചവരാണ്, 5% മര്‍ദനത്തിന് ഇരയായാണ് മരണപ്പെട്ടത്.
ഇത്തരത്തില്‍ ആദ്യ മാസങ്ങളില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ ശേഖരിക്കുവാന്‍ ശ്രമിക്കുകയാണെന്നും , മരണത്തിന്റെ കണക്കുകള്‍ ഇനിയും വര്‍ധിക്കുമെന്നും എംഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി.