ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും സൈനികശക്തിയും വിളിച്ചോതി 68ാമത് റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹി രാജ്പഥില്‍ നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാകയുയര്‍ത്തിയതോടെയാണ് ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
പ്രൗഢഗംഭീരവും വര്‍ണാഭവുമായ പരേഡില്‍ കര, നാവിക, വ്യോമ സേനകള്‍ അണിനിരന്നു. യുഎഇ സൈന്യത്തിന്റെ വ്യോമസേനാംഗങ്ങളും പരേഡില്‍ പങ്കെടുത്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. മലയാളിയായ ലഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണ് നാവികസേനയെ നയിച്ചത്.
വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും പരേഡില്‍ അണിനിരന്നു. ജി.എസ്.ടി, സ്‌കില്‍ ഇന്ത്യ തുടങ്ങി സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങളുമുണ്ടായിരുന്നു.
ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി)യുടെ 140 കമാന്‍ഡോകളടങ്ങിയ സംഘം പരേഡില്‍ അണിനിരന്നു. എന്‍.എസ്.ജി വാഹനമായ ഷെര്‍പ്പയും പങ്കെടുത്തു. ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച എല്‍.സി.എ തേജസ് യുദ്ധവിമാനത്തിന്റെ അരങ്ങേറ്റവും ഇത്തവണത്തെ പരേഡില്‍ നടന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ആധുനിക ബൊഫോഴ്‌സ് പീരങ്കി ‘ധനുഷ്’ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. വ്യോമസേനയുടെ 27 യുദ്ധവിമാനങ്ങള്‍ പരേഡുമായി ബന്ധപ്പെട്ടുള്ള ഷോകളില്‍ പങ്കെടുത്തു. എംഐ 17 വി 5 ഹെലികോപ്റ്ററുകളും ശക്തി പ്രകടിപ്പിച്ചു. മൂന്നു എംഐ35, മൂന്നു സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, സി17, സുഖോയ്30 എംകെഐ വിമാനങ്ങളും പരേഡിന്റെ ഭാഗമായി.
വിവിധ സൈനിക ബഹുമതികള്‍ നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ വിതരണം ചെയ്തു. വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഹങ്പന്‍ ദാദയ്ക്ക് നല്‍കുന്ന അശോക ചക്ര അദ്ദേഹത്തിന്റെ ഭാര്യ ചേസന്‍ ലോവാങ് ദാദ ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാനത്ത് ചടങ്ങുകള്‍ നടന്നത്.