കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത് നയന്‍താരയും ആര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മായാ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നയന്‍താര പ്രധാന കഥാപാത്രമായി വരുന്ന ഹൊറര്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഗോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എല്ലാ വിവരങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില താല്‍പര്യമുണര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു കാറാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം എന്നാണ് പുതിയ വിവരം. ചിത്രവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഈ കാര്‍ ഉള്‍പ്പെടുന്ന നിരവധി സീനുകള്‍ ചിത്രത്തിലുണ്ടെന്നാണ് അറിയുന്നത്. കൂടാതെ ഫാന്റസി ത്രില്ലര്‍ ചേരുവകളുള്ള ചിത്രം വളരെ വ്യത്യസ്തമായ ഒരു അനുഭവം കാണികള്‍ക്കു നല്‍കുമെന്നും പറയുന്നു.
എന്നാല്‍ ചിത്രത്തില്‍ ഈ കാറാണോ യഥാര്‍ത്ഥ പ്രേതം അതോ കാറിന് പ്രേതബാധയാണോ എന്നൊന്നും വ്യക്തമായിട്ടില്ല. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പ്രമുഖ സംവിധായകന്‍ സര്‍ഗുണത്തിന്റെ പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നയന്‍സിന്റെ അച്ഛനായി അഭിനയിക്കുന്നത് തമ്പി രാമയ്യയാണ്.