kerala congress – election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ ഇന്ന് നിര്‍ണായക സീറ്റ് ചര്‍ച്ചകള്‍. കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടികളുമായി രാവിലെ ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടക്കും.

മൂന്നുസീറ്റുകള്‍ അധികമായി വേണമെന്ന ആവശ്യമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെത്. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുമ്പായി പാര്‍ട്ടിയുടെ ഹൈപവര്‍ കമ്മിറ്റി മീറ്റിങ്ങും ചേര്‍ന്നു. തിരുവനന്തപുരത്ത് മന്ത്രി പി.ജെ. ജോസഫിന്റെ വസതിയിലാണ് യോഗം.

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പുമായുള്ള ചര്‍ച്ച അങ്കമാലി സീറ്റില്‍ തട്ടിയാണ് നില്‍ക്കുന്നത്. അങ്കമാലി സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. റോജി എം. ജോണ്‍, ഡീന്‍ കുര്യാക്കോസ് എന്നീ പേരുകള്‍ അങ്കമാലി മണ്ഡലത്തിലേക്ക് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുമുണ്ട്.

കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ ഭാരവാഹി യോഗവും തിരുവനന്തപുരത്ത് നടക്കും. ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തിയശേഷം ചര്‍ച്ച നടത്തും.

Top