uttarakhand high court stay – Harish Rawat

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനു ഹൈക്കോടതിയുടെ സ്റ്റേ. മുഖ്യമന്ത്രി ഹരീഷ് റാവത്തിന് വെള്ളിയാഴ്ച വിശ്വാസവോട്ട് തേടാമെന്നും നൈനിറ്റാള്‍ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പുറത്താക്കപ്പെട്ട റിബല്‍ എംഎല്‍എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.

വിശ്വാസവോട്ട് തേടേണ്ടതിന്റെ തലേന്നാണ് ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. വിമത എംഎല്‍എമാരെ പുറത്താക്കിയതിനാല്‍ റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന സ്ഥിതി സംജാതമായിരുന്നു.

ഒന്‍പതു പാര്‍ട്ടി എംഎല്‍എമാര്‍ വിമതശബ്ദമുയര്‍ത്തിയതോടെയാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ് അപകടത്തിലായത്.

സംസ്ഥാന ബജറ്റ് പാസാക്കാനൊരുങ്ങുമ്പോള്‍ ഒന്‍പതു കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും ഹരീഷ് റാവത്തിന്റെ എതിരാളിയുമായ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലാണു കോണ്‍ഗ്രസ് സാമാജികര്‍ കലാപക്കൊടി ഉയര്‍ത്തിയത്.

എഴുപതംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ 36 അംഗങ്ങളുമായാണു കോണ്‍ഗ്രസ് നാലുവര്‍ഷം മുന്‍പ് അധികാരത്തിലെത്തിയത്. പുരോഗമന ജനാധിപത്യ സഖ്യത്തിലെ ആറംഗങ്ങളുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ബിജെപിക്ക് 28 അംഗങ്ങളുണ്ട്.

ഒന്‍പതുപേര്‍ തങ്ങളോടൊപ്പം വന്നതോടെ ബിജെപിക്കു കേവലഭൂരിപക്ഷം ഉണ്ടെന്നും ഉത്തരാഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നുമാണു ബിജെപിയുടെ അവകാശവാദം.

Top