മൂന്നാര്‍: വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരേ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി. തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമി നല്‍കുമെന്ന വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു പ്രതീകാത്മക കയ്യേറ്റം.
വന്‍കിടക്കാര്‍ കയ്യേറ്റം വ്യാപിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് ഒരുതുണ്ടു ഭൂമി പോലും ലഭിക്കുന്നില്ലെന്നാരോപിച്ചായിരുന്നു കഴിഞ്ഞദിവസം തോട്ടം തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ പഴയ മൂന്നാര്‍ മുതല്‍ ആര്‍ഒ ജംഗ്ഷന്‍ വരെയുള്ള ഭൂമി തൊഴിലാളികള്‍ വേലികെട്ടിത്തിരിച്ചു. ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി അനുവദിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുമ്പോള്‍ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികള്‍ വന്‍കിടക്കാര്‍ കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
വ്യാജപട്ടയങ്ങളുടെ പിന്‍ബലത്തില്‍ കയ്യേറ്റക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ തങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെടുകയാണെന്നാണ് തൊഴിലാളികളുടെ പരാതി. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഭൂമി ലഭിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികള്‍. ഭൂമി നല്‍കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ പരസ്യമായ കയ്യേറ്റങ്ങള്‍ തുടരുമെന്നുതന്നെയാണ് തൊഴിലാളികള്‍ പറയുന്നത്.