ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഏഴ് പേര്‍ അറസ്റ്റില്‍. ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഏഴ് പേര്‍ അറസ്റ്റിലായത്. സീതാപൂറിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് 8 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനൊപ്പം വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും എട്ടംഗ സംഘം കവര്‍ന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് യോഗി സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടു വന്നത്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.