7 convicted in Varkala murder case

തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ രണ്ട് ലക്ഷം രൂപ പിഴയും നല്‍കണം. ശിവപ്രസാദിന്റെ കുടുംബത്തിന് ആറ് ലക്ഷം രൂപയും വെട്ടിപരുക്കേല്‍പ്പിച്ച ചായക്കടക്കാരനായ അശോകന് രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നല്‍കണം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖലാ ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറുന്നിയൂര്‍ സ്വദേശി മധു എന്ന സജി, കൊല്ലം മുട്ടയ്ക്കാവ് ചേരി സ്വദേശി സുധി, വര്‍ക്കല സ്വദേശി സുധി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ എന്ന സുനില്‍ എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായി കോടതി പറഞ്ഞു. തെളിവുകളുടെ അഭാവത്തില്‍ നേരത്തെ അഭിഭാഷകന്‍ അടക്കം ആറ് പേരെ വെറുതെ വിട്ടിരുന്നു.

2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ 5.30 ഓടെയാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അയിരൂര്‍ ഗവ. യു.പി സ്‌കൂളിന് സമീപമായിരുന്നു ആക്രമണം. കഴുത്തിലേറ്റ ആഴത്തിലുള്ള വെട്ടുകളാണ് മരണ കാരണം. ശിവപ്രസാദിനെ ആക്രമിച്ച ശേഷം സമീപത്തെ ക്ഷേത്രത്തിന് മുന്നില്‍ അനില്‍കുമാര്‍ എന്നയാളെ വെട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ കരിനിലക്കോട്ട് ചായകടക്കാരനായ അശോകനെ വെട്ടി. അശോകന്‍ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് പ്രതികള്‍ പിന്മാറിയത്.

ആക്രമണങ്ങളിലൂടെ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന ശ്രദ്ധിക്കപ്പെടുമെന്ന് വിശ്വസിച്ചും സംഘടനയുടെ അംഗബലം ബോദ്ധ്യപ്പെടുത്താനുമാണ് പ്രതികള്‍ ക്രൂരതകാട്ടിയത്. 2009 ഡിസംമ്പര്‍ 23ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് പതിനഞ്ചാം പ്രതിയായ തത്തു എന്ന അനില്‍കുമാര്‍ മരണമടഞ്ഞു. ആറാം പ്രതി മുകേഷ് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുമായി ഒളിവില്‍ പോയി. ഇയാളെയും പതിനൊന്നാം പ്രതി സജീവിനെയും പൊലീസിന് ഇനിയും പിടികൂടാനായിട്ടില്ല.

Top